ഉഷ്ണതരംഗം: ജില്ലയില്‍ ജാഗ്രത നിര്‍ദേശം

കോഴിക്കോട്: ജില്ലയില്‍ ഉയര്‍ന്ന താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാരണം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും അതിജാഗ്രത നിര്‍ദേശം നല്‍കി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജാഗ്രത നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജോലിയില്‍ ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണം നടപ്പാക്കാനും തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവക്ക് നിര്‍ദേശം നല്‍കി.

തൊഴിലിടങ്ങളില്‍ കുടിവെള്ളവും വായുസഞ്ചാരവും ശൗചാലയ സൗകര്യങ്ങളും ഉറപ്പാക്കുക, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കുക, വിശ്രമിക്കാന്‍ തണലുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല ക്ലാസുകളും ക്യാമ്പുകളും ഒഴിവാക്കുക, പരീക്ഷകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ തണല്‍ സൗകര്യവും കുടിവെള്ളവും ഉറപ്പാക്കുക, സൂര്യാഘാതവും ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കുക, പുറം ജോലികളില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും കുടിവെള്ളവും തണല്‍ സൗകര്യങ്ങളും ഒരുക്കാനും നടപടി സ്വീകരിക്കുക, ജോലി സമയം ആവശ്യമായ ഇടവേളകളോടെ ക്രമീകരിക്കുക, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാന്‍ ട്രാഫിക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിഗണിക്കുക, എല്ലാ പഞ്ചായത്തുകളും ഹീറ്റ് ആക്ഷന്‍പ്ലാന്‍ തയാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

ജാഗ്രത നിര്‍ദേശങ്ങള്‍

  • പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. അനാവശ്യ യാത്ര ഒഴിവാക്കി സ്വയം ലോക്ക്ഡൗണ്‍ പാലിക്കുക
  • പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ (ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ) പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം
  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഒ.ആര്‍.എസ്, സംഭാരം തുടങ്ങിയവ ഉചിതം
  • പുറത്തിറങ്ങുന്നവര്‍ കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ഇളം നിറത്തിലെ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക
  • പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുത്
  • കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും തണലും വെള്ളവും ഉറപ്പാക്കുക. പകല്‍ മേയാന്‍ വിടുന്നത് ഒഴിവാക്കുക
  • ഉത്സവങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ടുകളും ആന എഴുന്നള്ളിപ്പുമെല്ലാം പകല്‍ ഒഴിവാക്കുക
Tags:    
News Summary - Heat wave: Alert issued in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.