കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫിസുകളിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി മുഖം തിരിച്ചറിയൽ (ഫേസ് റിക്കഗ്നിഷൻ) അടിസ്ഥാനമാക്കിയ പഞ്ചിങ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും ശമ്പള വിതരണ സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കാത്തതിനെ തുടർന്ന് സംവിധാനത്തിന്റെ ഫലപ്രാപ്തി നേടാനായില്ലെന്ന് വിലയിരുത്തൽ.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 േബ്ലാക്ക് പഞ്ചായത്തുകളിലെയും 14 ജില്ല പഞ്ചായത്തുകളിലെയും 87 മുനിസിപ്പാലിറ്റികളിലെയും ആറ് കോർപറേഷനുകളിലെയും ഉൾപ്പെടെ അഞ്ചര ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ മുഖംതിരിച്ചറിയൽ പഞ്ചിങ് സംവിധാനമാണ് ലക്ഷ്യം നേടാനാകാതെ പാളുന്നത്.
ഹാജർ രേഖപ്പെടുത്തൽ കൂടുതൽ സുതാര്യവും കൃത്യതയുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ സംവിധാനം നടപ്പാക്കിയത്. എന്നാൽ, പല വകുപ്പുകളിലും ഉദ്യോഗസ്ഥരുടെ ഫേസ് റിക്കഗ്നിഷൻ ഡേറ്റ ശമ്പള വിതരണത്തിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതു കാരണം ജീവനക്കാരുടെ ഹാജർ വിവരങ്ങളും ശമ്പള കണക്കുകളും തമ്മിൽ നേരിട്ട് ബന്ധമില്ലാത്ത അവസ്ഥ തുടരുകയാണ്. ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും അനാവശ്യ ഹാജർ വ്യതിയാനങ്ങളും ഒപ്പിട്ട് മുങ്ങുന്നത് ഒഴിവാക്കാനും ഈ സംവിധാനം ശമ്പള സോഫ്റ്റ്വെയറുമായി ഏകീകരിക്കേണ്ടതുണ്ടെന്ന് ഭരണപരിഷ്കാര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും നടപ്പായിട്ടില്ല. ഹാജർ വിവരങ്ങൾ സ്വയമേവ ശമ്പള പ്രോസസ്സിങ്ങിലേക്ക് കടന്നുവരുന്ന രീതിയിൽ സാങ്കേതിക ഏകീകരണം നടപ്പാക്കിയാൽ ഭരണച്ചെലവ് കുറക്കാനും മാനുഷിക ഇടപെടൽ ഒഴിവാക്കാനും കഴിയുമെന്നതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
സാങ്കേതിക ഏകീകരണത്തിനായി സംസ്ഥാന ഐ.ടി മിഷനും ധനകാര്യ വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിനൊപ്പം ഡേറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന നിയമപരമായ മാർഗരേഖകളും രൂപപ്പെടുത്തണം എന്നതും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.