നാട്ടുകാർ പിടികൂടിയ ഡ്രൈവർ രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
മുക്കം: മദ്യപിച്ച് ലക്ക്കെട്ട ഡ്രൈവർ ഓടിച്ച ലോറി അമിതവേഗത്തിൽ പാഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. മുക്കം നഗരത്തിലൂടെ അപകടരമായ രീതിയിൽ കടന്നുപോയ ലോറി നിരവധി വാഹനങ്ങളിലാണ് ഇടിച്ചത്. ഇതുവഴി വന്ന വാഹനങ്ങൾ വെട്ടിച്ചുമാറ്റിയതുകൊണ്ടാണ് വലിയ ദുരന്തമൊഴിവായത്. കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിടിച്ച് തകർത്താണ് ലോറി നിന്നത്.
ഓടിക്കൂടിയ നാട്ടുകാർ എത്തുമ്പോഴേക്കും ലോറി ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ പൂർണമായും ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. തമിഴ്‌നാട് നാമക്കൽ സ്വദേശി രാജുവാണ് അപകടരമായ രീതിയിൽ ലോറി ഓടിച്ചിരുന്നത്. ഇയാളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ഡ്രൈവറെ തടഞ്ഞുവെക്കുകയായിരുന്നു.
സ്ഥലത്തെത്തിയ മുക്കം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈകീട്ട് 4.45ഓടെയാണ് സംഭവം. ഏറെ തിരക്കുള്ള എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലൂടെ അപകടകരമാം വിധത്തിൽ പാഞ്ഞ ലോറിയുമായി മറ്റു വാഹനങ്ങൾ കൂട്ടിയിടിക്കാത്തതും കാൽനടക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതും മൂലം വൻദുരന്തമാണ് ഒഴിവായത്.
കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും നാട്ടുകാരും സംഭവസ്ഥലത്ത് എത്തി. അപകടത്തിന് കാരണമായ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാഗ്യം കൊണ്ടാണ് വലിയൊരു ജീവഹാനി ഒഴിവായതെന്നും വൻ ദുരന്തം ഒഴിവായിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് നാടൊന്നാകെയെന്നും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.