കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാൻ കഴിയുന്നതാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്നും നോളജ് സിറ്റിയിലേക്ക് ആരംഭിച്ച ബസ് സർവിസിന്റെ ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ മന്ത്രി 'മാധ്യമ'ത്തോട് പറഞ്ഞു.
തിങ്കളാഴ്ച മദ്രാസ് ഐ.ഐ.ടി പ്രതിനിധികളും ട്രാൻസ്പോർട്ട് സെക്രട്ടറി, കെ.ടി.ഡി.എഫ്.സി എം.ഡി എന്നിവരുമായി രണ്ടു മണിക്കൂറോളം ചർച്ച നടത്തി. 25 ശതമാനത്തിൽ താഴെ മാത്രമേ പ്രശ്നങ്ങളുള്ളുവെന്നും അതുകൊണ്ട് പരിഹരിക്കാൻ കഴിയുമെന്നുമാണ് വിദഗ്ധർ അറിയിച്ചത്. 50 ശതമാനത്തിൽ കൂടുതലാണെങ്കിൽ പരിഹരിക്കാനാവില്ല. ഇനി പൈലിങ്ങിന്റെ ബലം കൂടി പരീക്ഷിക്കണം. അതിൽ കുഴപ്പങ്ങളുണ്ടെങ്കിൽ അതും പരിഹരിക്കാൻ കഴിയുമെന്നാണ് ഐ.ഐ.ടി വിദഗ്ധരുടെ അഭിപ്രായം. മൂന്നാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും. ഈ രംഗത്ത് പരിചയസമ്പത്തുള്ള ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പട്ടിക ഐ.ഐ.ടി തന്നെ തരും. കമ്പനികൾക്കു മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ പറ്റു.
ടെർമിനലിന്റെ ഒരുഭാഗവും പൊളിക്കേണ്ടിവരില്ലെന്നും ബലപ്പെടുത്തിയാൽ മതിയെന്നുമാണ് ഐ.ഐ.ടി വിദഗ്ധർ വ്യക്തമാക്കിയത്. 15 മുതൽ 20 വരെ കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ബസ് സർവിസുകളെ ബാധിക്കാത്തവിധമായിരിക്കും ബലപ്പെടുത്തൽ പണി നടക്കുക. ഒരുവശത്തു പണി നടക്കുമ്പോൾ മറുവശത്തേക്ക് സർവിസ് മാറ്റുമെന്നും ആന്റണി രാജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.