കോവിഡ്: കോഴിക്കോട്ട്​​ വൻ കുതിപ്പ്​; 10000 കടന്ന് ആക്ടീവ് രോഗികൾ

കോഴിക്കോട്:  ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വൻ കുതിപ്പിലേക്ക്. വെള്ളിയാഴ്ച 1560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നീണ്ട ഇടവേളക്ക് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു. രോഗം സ്ഥിരീകരിച്ച് 10,038 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 7831 പേരാണ്.

മറ്റു ജില്ലകളില്‍ 48 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗസ്ഥിരീകരണ നിരക്കും (ടി.പി.ആർ) പേടിപ്പെടുത്തുന്നതാണ്.21.20 ശതമാനമാണ് ടി.പി.ആർ. അതായത് പരിശോധിക്കുന്നവരിൽ അഞ്ചിലൊന്ന് പേർ പോസിറ്റീവായി മാറുന്ന അസാധാരണ സാഹചര്യമാണുള്ളത്. ജില്ലയിൽ 20ശതമാനത്തിന് മുകളി​ലേക്ക് ടി.പി.ആർ ഉയരുന്നത് ഇതാദ്യമാണ്.

ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബര്‍ ഏഴിനാണ്. 1576 പേര്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 9951 പേരെ പരിശോധിച്ചിരുന്നു. 15.04 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂട്ടപ്പരിശോധന നടത്തിയതിനാൽ രോഗികളുടെ എണ്ണം അസാധരണമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് വെള്ളിയാഴ്ച പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് രോഗം ബാധിച്ചത്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 464 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,29,307 പേരാണ് ഇതുവരെ രോഗമുക്തരായത്. 542 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി വന്ന 2298 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26954 പേര്‍ നിരീക്ഷണത്തിലുണ്ട്. 3,65,699 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 127 പേര്‍ ഉള്‍പ്പെടെ 808 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ആകെ 11,943 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.1,41,503 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോൺടാക്ട് ട്രെയ്‌സിംഗ് ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി പ്രാദേശിക തലത്തിൽ ടീമുകളെ സജ്ജമാക്കും. ഗ്രാമപഞ്ചായത്തുകളിൽ 218 അധ്യാപകരെ യോഗിച്ചിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ 531 പേർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ വെള്ളിയാഴ്ചത്തെ കോവിഡ് കണക്ക് ഇങ്ങനെയാണ്​: അരിക്കുളം 5, അത്തോളി 6, ആയഞ്ചേരി 11, അഴിയൂര്‍ 6, ബാലുശ്ശേരി 15, ചങ്ങരോത്ത് 14, ചാത്തമംഗലം 14, ചേളന്നൂര്‍ 18, ചേമഞ്ചേരി 7, ചെങ്ങോട്ടുകാവ് 6, ചെറുവണ്ണൂര്‍ 8, ചോറോട് 33, എടച്ചേരി 8, ഏറാമല 12, ഫറോക്ക് 8, കടലുണ്ടി 12, കക്കോടി 10, കാരശ്ശേരി 7, കട്ടിപ്പാറ 36, കായക്കൊടി 11, കായണ്ണ 19, കീഴരിയൂര്‍ 7, കിഴക്കോത്ത് 10, കോടഞ്ചേരി 5, കൊടിയത്തൂര്‍ 21, കൊടുവള്ളി 53, കൊയിലാണ്ടി 29, കൂരാച്ചുണ്ട് 6, കോട്ടൂര്‍ 17, കുന്ദമംഗലം 31, കുന്നുമ്മല്‍ 13, കുരുവട്ടൂര്‍ 12, കുറ്റ്യാടി 9, മടവൂര്‍ 9, മണിയൂര്‍ 8, മരുതോങ്കര 15, മാവൂര്‍ 19, മേപ്പയ്യൂര്‍ 11, മൂടാടി 16, മുക്കം 18, നാദാപുരം 11, നടുവണ്ണൂര്‍ 8, നന്മണ്ട 7, നരിക്കുനി 8, നരിപ്പറ്റ 5, നൊച്ചാട് 8, ഒളവണ്ണ 12, ഓമശ്ശേരി 31, പയ്യോളി 14, പേരാമ്പ്ര 12, പെരുമണ്ണ 19, പെരുവയല്‍ 19, പുറമേരി 10, പുതുപ്പാടി 22, രാമനാട്ടുകര 24, തലക്കുളത്തൂര്‍ 31, താമരശ്ശേരി 24,തിക്കോടി 9, തിരുവമ്പാടി 9, തൂണേരി 10, തുറയൂര്‍ 23, ഉളളിയേരി 16, ഉണ്ണികുളം 7, വടകര 39, വാണിമേല്‍ 6, വേളം 8, വില്യാപ്പള്ളി 7.

കൂട്ടപ്പരിശോധനക്ക് തുടക്കം; ആദ്യ ദിനം 19300 ടെസ്റ്റ്

കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി കോവിഡ് ടെസ്റ്റ് മഹായഞ്ജം തുടങ്ങി.ആദ്യ ദിവസമായ വെള്ളിയാഴ്ച 19300 ടെസ്റ്റുകൾ നടത്തി. വെളളി, ശനി ദിവസങ്ങളിലായി 31,400 ടെസ്റ്റുകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിർദേശം. രണ്ട് ദിവസം കൊണ്ട് 40000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.ജില്ലയിലെ എല്ലാപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലും ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഇവിടങ്ങളിലെ ഒ.പി.കളിലെത്തുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്. കലക്ടര്‍ എസ്.സാംബശിവ റാവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്‍റീൻ ചെയ്ത് രോഗം പടരുന്നത് തടയാനാണ് ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കും. വയോജനങ്ങള്‍, മറ്റ് രോഗമുളളവര്‍, ലക്ഷണങ്ങള്‍ ഉളളവര്‍ എന്നിവരേയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ടെസ്റ്റ് ചെയ്യും.

134 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

ജില്ലയിൽ 134 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. 42 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഏഴ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം, 16 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ഏഴ് താലൂക്ക് ആശുപത്രികൾ, രണ്ട്ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിങ്ങനെ 95 സർക്കാർ ആശുപത്രികളിലും 58 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷൻ നൽകുന്നത്. ഒരു കേന്ദ്രത്തിലും വാക്സിനേഷന് പരിധി വച്ചിട്ടില്ലെന്നും വരുന്ന എല്ലാവർക്കും വാക്സിനേഷൻ നൽകണെമന്നാണ് തീരുമാനമെന്നും ഡി.എം.ഒ ചുമതല വഹിക്കുന്ന ഡോ. പീയുഷ് നമ്പൂതിരിപ്പാട് പറഞ്ഞു.

വാക്സിനേഷൻ 100 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ചില കേന്ദ്രങ്ങളിൽ കൊണ്ടുവരുന്ന മരുന്നകൾ തീരുന്നതിനാലാണ് ബാക്കിയുള്ളവരോട് മടങ്ങാൻ ആവശ്യപ്പെടുന്നത്. നിലവിൽ ജില്ലയിൽ വാക്സിൻ ക്ഷാമമില്ലെന്നും ഡി.എം.ഒ അറിയിച്ചു.

കൂടുതൽ കണ്ടയ്ൻമെൻറ് സോണുകൾ; കോർപറേഷനിൽ 11 ഡിവിഷനുകൾ

കോവിഡ് രോഗവ്യാപനം കുതിക്കുന്നതിനാൽ കൂടുതൽ പ്രദേശങ്ങൾ കണ്ടയ്ൻമെൻറ് സോണായി ജില്ല കലക്ടർ എസ്. സാംബശിവ റാവു പ്രഖ്യാപിച്ചു. കോഴിക്കോട് കോർപറേഷനിൽ 11വാർഡുകൾ പുതുതായി കണ്ടയ്ൻമെൻറ സോണായി പ്രഖ്യാപിച്ചു. നാല്, അഞ്ച്, ഏഴ്, 11, 12, 14, 15, 16, 17, 22, 65 എന്നീ ഡിവിഷനുകളിലാണ് നിയന്ത്രണം.

വടകര അഞ്ച്, 18, 28, നഗരസഭ ഫറോക്ക് വാർഡ് 16, കെയിലാണ്ടി 6,18, പയ്യോളി ഏഴ്,12, 17, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് എട്ട്, എറാമല അഞ്ച്, 12, 13, കുരുവട്ടൂർ ഒന്ന്, ഒളവണ്ണ ഒന്ന്, നാല്, 21, ഒഞ്ചിയം എട്ട്, അരിക്കുളം 13, കടലുണ്ടി ഏഴ്,13,21, മടവൂർ പത്ത്, നടുവണ്ണൂർ 12, നന്മണ്ട 11,17, ഒളവണ്ണ ഒന്ന്, പെരുമണ്ണ 14, പെരുവയൽ 17, തിക്കോടി 12, കോടഞ്ചേരി 15, ചങ്ങരോത്ത് 12, ചേളന്നുർ മൂന്ന്, ഒമ്പത്, 15, ചേമഞ്ചേരി ഒമ്പത്, 18, ചെങ്ങോട്ടുകാവ് ഏഴ്, കാക്കൂർ നാല്, കുന്നുമ്മൽ എട്ട്, മേപ്പയ്യൂർ എട്ട്, നൊച്ചാട് അഞ്ച്, പുതുപ്പാടി പത്ത്, 13, 20, വളയം ഒന്ന് എന്നീ വാർഡുകളാണ് ജില്ലയിലെ പുതിയ കണ്ടയ്ൻമെൻറ് സോണുകൾ.

Tags:    
News Summary - Covid Kozhikode Over 10000 active patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.