അപകടത്തിൽ മരണപ്പെട്ട മുഹമ്മദ് റാഫിയും മകൾ ഫാത്തിമ നേഹയും
വെള്ളിമാട്കുന്ന്: മകൾ കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞ് മയ്യിത്തെടുക്കുന്നതിനുമുമ്പേ മരണവീട്ടിൽനിന്നിറങ്ങിയ മുഹമ്മദ് റാഫി എത്തിയത് മരണത്തിലേക്ക്. വെള്ളിയാഴ്ച വൈകീട്ട് സ്കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥിനിയായ മകൾ ഫാത്തിമ നേഹക്കും മുഹമ്മദ് റാഫിക്കും പിണഞ്ഞത് ദാരുണാന്ത്യം.
തന്റെ സഹോദരന്റെ അടുത്ത ബന്ധു മരിച്ചതിനാൽ വൈകീട്ട് റാഫി ചെറുവറ്റയിൽ എത്തിയതായിരുന്നു. ജെ.ഡി.ടി ഒന്നാംവർഷ ബി.കോം വിദ്യാർഥിനിയായ ഫാത്തിമ നേഹക്ക് കോളജിൽ മാനേജ്മെന്റ് പരിപാടിയായിരുന്നു രാവിലെ മുതൽ. പരിപാടി കഴിഞ്ഞതിനാൽ നേഹ പിതാവിനെ വിളിച്ചപ്പോൾ മരണവീട്ടിലാണെന്ന് അറിയിക്കുകയായിരുന്നു. മകളെ അധികം കാത്തിരിപ്പിക്കേണ്ടെന്നു കരുതി മയ്യിത്ത് എടുക്കുന്നതിനുമുമ്പേ ഇറങ്ങി വെള്ളിമാട്കുന്നിലേക്ക് വരുകയായിരുന്നു.
കോളജിൽനിന്ന് മകളെയുംകൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു. മുത്ത മകൾ റഫ്നയുടെ പ്രസവം സംബന്ധിച്ച് ഭാര്യ ജിസാറ രണ്ടാഴ്ചയായി കുവൈത്തിലായതിനാൽ വീട്ടിൽ ഇരുവരും മാത്രമാണുണ്ടായിരുന്നത്. ആശുപത്രിയിലുള്ള റഫ്നക്ക് ശനിയാഴ്ച രാവിലെ പ്രസവ തീയതിയാകുമെന്ന അറിയിപ്പ് ഇരുവരെയും ഏറെ സന്തോഷിപ്പിച്ചിരുന്നു.
എന്നാൽ, വെള്ളിയാഴ്ച രാത്രിയോടെ ഭർത്താവ് റാഫിക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്ന വിവരം ജിസാറയെ അറിയിച്ചു. മകൾക്ക് ദുരന്തം സംഭവിച്ച വിവരം ജിസാറയെ അറിയിച്ചിട്ടില്ല. കുവൈത്തിലുള്ള സഹോദരനൊപ്പം ജിസാറ ശനിയാഴ്ച നാട്ടിലെത്തും. മകൾകൂടി പിതാവിനൊപ്പം യാത്രയായത് എങ്ങനെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ബന്ധുക്കൾ.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എൻ.ജി.ഒ ക്വാട്ടേഴ്സ് എ.ആർ ക്യാമ്പ് റോഡിലുണ്ടായ അപകടം. പറമ്പിൽബസാർ വഴി വീട്ടിലേക്ക് എളുപ്പത്തിൽ എത്താമെന്നതിനാൽ ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു. വളവും ചെങ്കുത്തായതുമായ റോഡിൽ നിയന്ത്രണംവിട്ട സ്കൂട്ടർ സുരക്ഷാഭിത്തി തകർത്ത് 15 മീറ്ററിലധികം താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
രണ്ടുപേർ ഇതിനുമുമ്പ് ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ട് 15ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തുവർഷത്തോളം വിദേശത്തായിരുന്ന മുഹമ്മദ് റാഫി എരഞ്ഞിക്കലിൽ സിമന്റ് കടയിൽ ജോലി ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.