ഹർഷാദ്
മാവൂർ: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളെ പിടിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഗുണ്ടാസംഘത്തിലെ അഞ്ചാമനും അറസ്റ്റിൽ. പൂവാട്ടുപറമ്പ് കളരിപുറായിൽ ഹർഷാദ് എന്ന സാബുവിനെയാണ് (38) മാവൂർ പൊലീസും കോഴിക്കോട് ക്രൈം സ്ക്വാഡും ചേർന്ന് വയനാട്ടിൽനിന്ന് പിടികൂടിയത്. ജൂലൈ 11ന് പെരുവയൽ കൊടശ്ശേരിതാഴത്തുള്ള സ്വകാര്യ വില്ലയിൽ എത്തിയ എസ്.ഐ.ടി സംഘത്തെയാണ് സ്ഫാടകവസ്തു എറിഞ്ഞും തോക്കുചൂണ്ടിയും ആക്രമിച്ചത്.
2025ൽ പട്ടാമ്പിയിൽവെച്ച് പ്രവാസി വ്യവസായി മലപ്പുറം വണ്ടൂർ വലിയ പീടിയേക്കൽ മുഹമ്മദലിയെന്ന ആലുങ്ങൽ മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ വില്ലയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എസ്.ഐ.ടി സംഘം എത്തിയത്. അഞ്ചുപേരടങ്ങുന്ന ഗുണ്ടാസംഘമാണ് പൊലീസിനെ ആക്രമിച്ചത്. നാലുപേരെ വില്ലയിൽവെച്ചുതന്നെ പിടികൂടിയിരുന്നു. ഒറ്റപ്പാലം കണ്ണിയംപുറം ജെ.കെ. നഗർ ചാത്തൻപിലാക്കൽ വിഷ്ണു എന്ന സൽമാൻ (28), കാസർകോട് ഭീമനടി ചിറ്റാരിക്കൽ ഷമീർ എന്ന ആട് ഷമീർ (36), കൊല്ലം കൊട്ടാരക്കര സ്വദേശി പെരുവയലിൽ സ്വകാര്യ വില്ലയിൽ താമസിക്കുന്ന ഡേവിഡ് കാർമൽ അലക്സ് (38), മാവൂർ കുതിരാടം കോഞാലിക്കോട്ട് ജാസ് മോൻ (32) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഓടിരക്ഷപ്പെട്ട ഹർഷാദ് ഒളിവിലായിരുന്നു.
കഴിഞ്ഞയാഴ്ച ഇയാൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. വയനാട്ടിലെ റിസോർട്ടിലുണ്ടെന്നറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ഹർഷാദ് ഓടിരക്ഷപ്പെട്ടു. തുടർന്ന് ഏറെദൂരം പിന്തുടർന്നാണ് കീഴ്പ്പെടുത്തിയത്. മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്, എസ്.ഐ മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദീപക്, സിറ്റി സ്പെഷൽ സ്ക്വാഡ് എസ്.ഐ അബ്ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ് ചൂലൂർ, ഷഹീർ പെരുമണ്ണ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാപ്പ, ലഹരി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഹർഷാദെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.