അസിസ്റ്റന്റ് ഡയറക്ടർ ഡിജിറ്റൽ സിഗ്‌നേച്ചർ
പതിപ്പിച്ചിറക്കിയ കത്ത്
കോഴിക്കോട്: ഇല്ലാത്ത കോടതിവിധി പരാമർശിച്ച് തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നറങ്ങിയ കത്ത് വിവാദത്തിൽ. സെക്രട്ടറിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് പ്രിൻസിപ്പൽ ഡയറക്ടർക്കുവേണ്ടി അസിസ്റ്റന്റ് ഡയറക്ടർ ഡിജിറ്റൽ സിഗ്‌നേച്ചർ പതിപ്പിച്ചിറക്കിയ കത്തും വിവാദമാകുന്നത്.
2026 ജൂലൈ 27 ന് കോടതി വിധിന്യായം ചൂണ്ടിക്കാണിച്ച് ഇറങ്ങിയ കത്താണ് ദൂരൂഹതക്കിടവരുത്തുന്നത്. വകുപ്പ് സംയോജനത്തിലൂടെ അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ അകാരണമായി തടയപ്പെട്ടതിൽ അടിയന്തര ഇടപെടൽ തേടി പരാതിക്കാർ തദ്ദേശ ഭരണ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകി മടങ്ങി ദിവസങ്ങൾക്കകമാണ് വിധിന്യായം സൂചിപ്പിച്ച് അസിസ്റ്റന്റ് ഡയറക്ടർ ജോയന്റ് ഡയറക്ടർമാർക്ക് കത്ത് അയച്ചത്. തദ്ദേശ ഭരണ വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരുടെ സീനിയോറിറ്റി ലിസ്റ്റ് പുനഃക്രമീകരിക്കുന്നതിന് കോടതി വിധിന്യായം ഉണ്ടെന്നും അത് സൂചന ഒന്നായി ചേർത്തിരിക്കുന്നു എന്നും അതിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരണത്തിന് വേണ്ട വിവരങ്ങൾ കത്തിനോടൊപ്പം ചേർത്ത സ്പ്രെഡ്ഷീറ്റിൽ 15 ദിവസത്തിനകം അപ്ഡേറ്റ് ചെയ്ത് ലഭ്യമാക്കണം എന്നാവശ്യപ്പെടുന്നതാണ് കത്ത്. എന്നാൽ, ഈ കത്തിൽ സൂചന ഒന്നായി പറഞ്ഞിട്ടുള്ള വിധിന്യായം ഇല്ലെന്നാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ പറയുന്നത്. നമ്പറോ വിവരങ്ങളോ സൂചനകളോ കത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല.
സീനിയോറിട്ടി ലിസ്റ്റ് പുനഃക്രമീകരിക്കുന്നത് കേരള ഹൈകോടതി സ്റ്റേ ചെയ്തതാണ്. 2026 സെപ്തംബർ 15 വരെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് വിധിന്യായം ഉണ്ടെന്നുകാണിച്ച് കത്തയച്ചത്. തദ്ദേശ ഭരണ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനത്തുനിന്ന് അസിസ്റ്റന്റ് ഡയറക്ടർ മാത്രം വിചാരിച്ചാൽ പ്രിൻസിപ്പൽ ഡയറക്ടറുടെ പേരിൽ ഒരു കത്ത് തയാറാക്കി താഴെ തട്ടിലുള്ള ഓഫിസുകൾക്ക് അയക്കാൻ ഓഫിസ് പ്രൊസീജിയർ മാന്വൽ പ്രകാരം കഴിയില്ല. ബോധപൂർവം സീനിയോറിറ്റി ലിസ്റ്റിൽ കൃത്രിമം സൃഷ്ടിച്ച് വഴിവിട്ട സഹായം നൽകുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.