നാദാപുരം: വളയത്തിന് സമീപം ബസിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം അപകടത്തിൽപെട്ട് എട്ട് വയസുകാരി മരിച്ചു. കുയ്തേരിയിലെ കൊയോളിന്റവിട കുനിയിൽ മുഹമ്മദിന്റെയും സൽമയുടെയും മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്. കുയ്തേരി സഹ്റ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
കൂടെയുണ്ടായിരുന്ന സഹോദരൻമാരായ അബ്ദുല്ല മുഹമ്മദ്, റസി മുഹമ്മദ്, മാതാവ് സൽമ എന്നിവരെ സാരമായ പരിക്കുകളോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമാണ് അപകടം.
സൽമയും മക്കളും സഞ്ചരിച്ച സ്കൂട്ടറും വടകരയിൽനിന്നും കുറുവന്തേരിക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് അപകടത്തിൽപെട്ടത്. ഏറെ അപകടം നിറഞ്ഞ വളവിൽ കനത്ത മഴയിൽ വെള്ളക്കെട്ടും ഉണ്ടായിരുന്നു. റോഡിന്റെ വിസ്തൃതി മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലുള്ള വെള്ളക്കെട്ട് നിറഞ്ഞ സ്ഥലത്തുനിന്നും ബസ് പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ മറിയുകയും ഫാത്തിമ ബസിനടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഫാത്തിമയുടെ മൃതദേഹം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഭർതൃവീടായ വളയം കുയ്തേരിയിൽനിന്ന് തറവാട് വീടായ ചെക്യാട്ടെ താനക്കോട്ടൂരിലേക്ക് പോകുന്ന വഴിയാണ് അപകടം. ഇവരുടെ ഭർത്താവ് മുഹമ്മദ് ഖത്തറിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.