ബാ​ലു​ശ്ശേ​രി​യു​ടെ നി​യു​ക്ത എം.​എ​ൽ.​എ വി.​ടി. സൂ​ര​ജ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം

ടി.ഒ. സൂരജിന്‍റെ വിജയത്തിന് പത്തര മാറ്റ്

പേരാമ്പ്ര: ‘ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പെടാപ്പാടുപെടുമ്പോൾ പ്രായപൂർത്തിയായ മകൻ ഒരു തൊഴിലിനും പോവാതെ പൂർണ സമയ രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുമ്പോൾ ഞാൻ ഒരുപാട് ശാസിച്ചിട്ടുണ്ട്. ഇപ്പോൾ ആ മകൻ എം.എൽ.എയായി മുന്നിൽ വന്നു നിൽക്കുമ്പോൾ ഏറെ അഭിമാനം തോന്നുകയാണ്’. ബാലുശ്ശേരിയുടെ നിയുക്ത എം.എൽ.എ വി.ടി. സൂരജിന്റെ പിതാവ് വി.ടി. നാരായണന്റെ വാക്കുകളാണിത്. ഈ പിതാവിന് രാഷ്ട്രീയത്തോട് താൽപര്യമില്ലാഞ്ഞിട്ടോ പൊതുപ്രവർത്തകരോട് അവമതിപ്പുണ്ടായിട്ടോ ഒന്നുമല്ല. കുടുംബം പുലർത്താൻ ചെറുപ്രായത്തിലെ കൂലിപ്പണിക്ക് പോകുന്ന ഒരച്ഛന്റെ നിസ്സഹായാവസ്ഥയിൽ നിന്ന് വന്ന ശാസനയായിരുന്നു അത്.

എരവട്ടൂർ വേട്ടുവർ കണ്ടി തറമ്മൽ നാരായണന്റെയും പുഷ്പയുടേയും മൂത്ത മകനാണ് കെ.എസ്.യു കോഴിക്കോട് ജില്ല പ്രസിഡന്റായ വി.ടി. സൂരജ്. ദാരിദ്ര്യം നിറഞ്ഞ വിദ്യാർഥി കാലമാണ് സൂരജിന് ഉണ്ടായിരുന്നത്. വകയാട് ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായി തുടങ്ങിയ രാഷ്ട്രീയ ജീവിതം ഇപ്പോൾ ബാലുശ്ശേരി എം.എൽ.എയിൽ എത്തി നിൽക്കുകയാണ്. സമരങ്ങളിലും പൊലീസ് മർദനത്തിലുമെല്ലാം പരിക്കേറ്റ് നിരവധി തവണ സൂരജ് വീട്ടിലെത്തിയിട്ടുണ്ട്. ഒരു ദിവസം വീട് വളഞ്ഞ് പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതും ഈ അമ്മക്കും അച്ഛനും കാണേണ്ടി വന്നു. സമരവും പൊലീസ് കേസുമെല്ലാമായി നടക്കുന്ന മകന്റെ ഭാവിജീവിതം എന്താകുമെന്ന് ആശങ്ക ഈ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു.

അവൻ നാടിന്റെ ജനപ്രതിനിധിയായതോടെ ഈ മാതാപിതാക്കൾ മകനെ കുറിച്ചുള്ള പരാതിയെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ് അവന്റെ മാതാപിതാക്കൾ കൊടുക്കുന്ന ഉപദേശം. അവൻ ജനിച്ചു വളർന്ന ചുറ്റുപാട് പ്രതിസന്ധി നിറഞ്ഞതായതുകൊണ്ടുതന്നെ ഏറ്റവും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അവനു സാധിക്കുമെന്ന് ഈ മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അനുജൻ സായൂജിനും ജ്യേഷ്ഠനെ കുറിച്ച് അഭിമാനമാണ്.

Tags:    
News Summary - A decade and a half for T.O. Sooraj's victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.