കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്

കെ.എം.സി.സി സൗദി സാമൂഹ്യ സുരക്ഷാ പദ്ധതി: രണ്ടാം ഘട്ട ആനുകൂല്യ വിതരണവും ശിഹാബ് തങ്ങൾ അനുസ്മരണവും വെള്ളിയാഴ്ച കോഴിക്കോട്ട്

റിയാദ് / കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഈ വർഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായ കൈമാറ്റവും ആഗസ്റ്റ് ഏഴിന് വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഏഴാമത് ഹാഷിം എൻജിനീയർ കർമ്മ പുരസ്കാര ദാനവും ഉണ്ടായിരിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും ദേശീയ, സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് സി.പി സൈതലവി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തും. തുടർന്ന്, വിവിധ സി.എച്ച് സെന്ററുകൾക്കുള്ള സൗദിയിലെ വിവിധ കെ.എം.സി.സി സെൻട്രൽ കമ്മിറ്റികളുടെ ധനസഹായം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും. ഉച്ചയ്ക്ക് മൂന്നര മണിക്ക് നടക്കുന്ന പ്രധാന ചടങ്ങിൽ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യ വിതരണവും ഏഴാമത് ഹാഷിം എൻജിനീയർ കർമ്മ പുരസ്കാര ദാനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

13 വർഷമായി നടന്നുവരുന്ന കെ.എം.സി.സി സൗദി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഈ വർഷത്തെ രണ്ടാം ഘട്ടത്തിൽ, പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച 64 പേരുടെ നിരാലംബരായ കുടുംബങ്ങൾക്കാണ് ആനുകൂല്യം നൽകുന്നത്. അപ്രതീക്ഷിതമായി വിടവാങ്ങുന്ന കുടുംബനാഥന്റെ വേർപാടിൽ ജീവിതം അനിശ്ചിതത്വത്തിലാകുന്ന കുടുംബങ്ങൾക്ക് വലിയൊരു തണലാവുകയാണ് കെ.എം.സി.സി സുരക്ഷാ പദ്ധതിയെന്ന് ഭാരവാഹികൾ പറഞ്ഞു. മൂന്നര കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ ആശ്രിതർക്കായി വിതരണം ചെയ്യുന്നത്. കോഴിക്കോട് ആസ്ഥാനമായി നിയമപരമായി പ്രവർത്തിക്കുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിലാണ് സമാനതകളില്ലാത്ത ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. കെ.എം.സി.സി വേൾഡ് പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, സൗദി നാഷണൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ ഖാദർ ചെങ്കള, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, സൈദ് മൂന്നിയൂർ, സുരക്ഷാ പദ്ധതി കോഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - KMCC Saudi Social Security Scheme: Second phase of benefit distribution and Shihab Thangal commemoration in Kozhikode on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.