ഈരാറ്റുപേട്ട മുട്ടം കവലയിൽ മരം വീണ് ഓട്ടോ തകർന്നപ്പോൾ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും സമീപങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കാറ്റിൽ മരം വീണ് നാലുപേർക്ക് പരിക്കേറ്റു. ആറ് വീടുകൾക്കും മുരിക്കോലി അംഗൻവാടിക്കും കേടുപാടുകളുണ്ടായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കനത്തമഴയും കാറ്റും ഉണ്ടായത്.
മുട്ടം കവലക്ക് സമീപം പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നിന്ന കൂറ്റൻ തേക്ക് കടപുഴകി ഒാട്ടോ ഡ്രൈവർ പത്താഴപാടി പുത്തൻവീട്ടിൽ ഹാറൂൺ (19), യാത്രക്കാരൻ കാരക്കാട് മുഹമ്മദ് ഇസ്മായിൽ (68) എന്നിവർക്ക് പരിക്കേറ്റു. ഒാട്ടോ പൂർണമായി തകർന്നു. വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെ തോട്ടുമുക്ക് വെള്ളുപ്പറമ്പിൽ ഹുബൈൽ (39), ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെ തെക്കേക്കര കല്ലോലിൽ ഷാമോൻ ഷാജഹാൻ (31) എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈരാറ്റുപേട്ട-പാലാ റൂട്ടിൽ പലയിടങ്ങളിലും മരം കടപുഴകിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരുമായി പോയ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ റോഡിൽ കുടുങ്ങി. തലപ്പുലം പഞ്ചായത്തിലെ പനക്കപ്പാലത്ത് റോഡ് സൈഡിലെ മരം വീണ് പാണ്ടിയാംമാക്കൽ ഗോപിയുടെ പെട്ടിക്കട തകർന്നു. അപകട സമയത്തും ഗോപിയും ഭാര്യയും കടയിലുണ്ടായിരുന്നുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.കൊണ്ടൂരിൽ പുതിയകുന്നേൽ പറമ്പിൽ ഓമന, കുഴിവിള പുത്തൻവീട്ടിൽ മായ രാജേന്ദ്രൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി.
കനത്ത മഴയിലും കാറ്റിലും നെല്ലിയാനി ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടപ്പോൾ
ഈരാറ്റുപേട്ട നടക്കലിൽ കാറ്റിൽ മരം വീണ് നെടുവേലിൽ സത്താർ, പാറയിൽ റഫീഖ്, ഷെരിഫ്, പരീത് എന്നിവരുടെ വീടുകൾക്കും കേടുപാടുകളുണ്ടായി. ഈരാറ്റുപേട്ട വില്ലേജ് ഓഫിസ് പരിസരത്ത് മരം ഒടിഞ്ഞുവീണ് നിർത്തിയിട്ട കാറിന് നാശനഷ്ടം ഉണ്ടായി. വിവിധ ഇടങ്ങളിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അരുവിത്തറ കോളജ് പടി, ആറാം മൈൽ, പനക്കപ്പാലം, കീഴമ്പാറ, ജീലാനിപ്പടി എന്നിവിടങ്ങളിലാണ് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്.
അഗ്നിരക്ഷാസേന ടീം നന്മക്കൂട്ടം, ടീം എമർജൻസി തുടങ്ങിയവർ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിലൂടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി തൂണുകളിൽ മരങ്ങൾ വീണതിനെ തുടർന്ന് ഈരാറ്റുപേട്ടയും പരിസരവും ഇരുട്ടിലായി. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
പാലാ: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീശിയടിച്ച കാറ്റിൽ കുമ്മണ്ണൂർ, ചേർപ്പുങ്കൽ, കിടങ്ങൂർ, പൂവരണി വള്ളോക്കയം എന്നിവിടങ്ങളിൽ വലിയ നാശനഷ്ടം. മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകൾ നിലംപതിച്ചു. പല സ്ഥലങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചു. പൂവരണി മറ്റമുണ്ടയിൽ എം.ജെ. എബ്രഹാമിന്റെയും പുല്ലാട്ട് തോമസിന്റെയും നിരവധി ജാതിമരങ്ങൾ കടപുഴകിവീണു. പ്രദേശത്ത് തേക്ക്, ആഞ്ഞിലി, റബർ മരങ്ങളും നിലംപതിച്ചു.
കോട്ടയ്ക്കകത്ത് സജിലാൽ, ശശി കൂറ്റടത്ത്, രാജു മൊളോപ്പറമ്പിൽ, ജോബിൻ കാഞ്ഞമല, ശശി നെടുംകൊമ്പിൽ എന്നിവരുടെ കൃഷികൾ നശിച്ചു. ചേർപ്പുങ്കൽ, കുമ്മണ്ണൂർ പ്രദേശത്തും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുമ്മണ്ണൂരിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നു പോയി. പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഏറെ നേരം തടസ്സപ്പെട്ടു. പാലാ ടൗണിലും വൈദ്യുതി മുടങ്ങി.
നെല്ലിയാനി ബൈ പാസിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം സുഗമമാക്കി. തലപ്പലം, അമ്പാറ, കിടങ്ങൂർ, ചേർപ്പുങ്കൽ ഭാഗങ്ങളിൽ കനത്ത നാശമുണ്ടയി. മണലേൽ പാലത്തിന് സമീപത്തും പൂവരണി ചരളഭാഗത്തും വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. ചേർപ്പുങ്കൽ മാർസ്ലീവ ആശുപത്രിക്ക് സമീപത്തും കൊട്ടാരമറ്റം ഭാഗത്തും റോഡിൽ മരം വീണു. നെല്ലിയാനി, കണ്ണാടിയുറുമ്പ്, പന്ത്രണ്ടാം മൈൽ ഭാഗങ്ങളിലും നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.