കോട്ടയം: 10 മാസത്തെ സ്കൂൾ ജീവിതത്തിൽനിന്ന് കുട്ടികൾ അവധിക്കാല ആഹ്ലാദത്തിലേക്ക്. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിടപറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ഐ.പി.എൽ ആരവം തുടങ്ങിയതോടെ കുട്ടികളും ഗ്രൗണ്ടുകളിൽ ക്രിക്കറ്റുമായി സജീവമാണ്.
ഇഷ്ടപ്പെട്ട ടീമിന്റെ ജേഴ്സിയണിഞ്ഞ് ഇഷ്ടതാരങ്ങളുടെ ഷോട്ടുകളിലൂടെ ബോളുകൾ ബൗണ്ടറി പായിച്ചാണ് അവധിക്കാലം ആഘോഷിക്കുന്നത്. ഈ രണ്ട് മാസം കുരുന്നുകൾക്ക് കളിചിരികളുടെയും കളിയാരവങ്ങളുടേതുമാണ്. അവധിക്കാലത്തിന്റെ തുടക്കത്തിൽ തന്നെ വിവിധ ക്യാമ്പുകൾ സജീവമായിട്ടുണ്ട്. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, ബാസ്കറ്റ് ബാള്‍, നീന്തൽ തുടങ്ങിയ കായിക ക്യാമ്പുകൾക്കുള്ള രജിസ്ട്രേഷൻ പലയിടത്തും തുടരുകയാണ്.
ചിത്രകല, നൃത്തം തുടങ്ങിയവയുടെ അവധിക്കാല ക്ലാസുകൾക്കും തുടക്കമായിട്ടുണ്ട്. പല സ്കൂളുകളും ഒന്നും രണ്ടും ആഴ്ച നീളുന്ന അവധിക്കാല ക്യാമ്പുകളും ഒരുക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾ പലരും ഇതിനകം ക്രാഷ് കോഴ്സുകൾക്കും ചേർന്നു.
മെഡിക്കൽ എൻജിനീയറിങ് എൻട്രൻസിന്റെ ക്രാഷ് കോഴ്സുകൾ ഓൺലൈൻ-ഓഫ്ലൈനായും ആരംഭിച്ചിട്ടുണ്ട്.
രക്ഷിതാക്കൾ ജാഗ്രത പുലർത്തണം
അവധിക്കാലത്തെ അപകടമുക്തമാക്കുന്നതിന് കുട്ടികളും രക്ഷാകർത്താക്കളും നാട്ടുകാരും ഒരുപോലെ ശ്രദ്ധിക്കണം. കുട്ടികൾ കൂട്ടംകൂടിയും മറ്റും പുഴയിലും കുളങ്ങളിലും ഇറങ്ങി അപകടത്തിൽപെടുന്നത് പതിവാണ്. അപകടകരമായ ഭാഗങ്ങളിൽ കുളിക്കുന്നതിൽനിന്ന് കുട്ടികളെ വിലക്കണം.
കീഴടങ്ങരുത്, വിഷാദത്തിനും ലഹരിക്കും
കുട്ടികളെ വിഷാദവും ലഹരിയും കീഴടക്കാതെ ശ്രദ്ധിക്കാൻ മാതാപിതാക്കൾ പ്രത്യേകം കരുതലെടുക്കണം. വീടുകളിൽ അടച്ചിരിക്കാതെ കളിക്കളങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പറഞ്ഞയക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുമായി കൂടുതൽ സമയം അടുത്തിടപഴകാനും യാത്രകൾ ചെയ്യാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. കുട്ടികളുടെ അടുത്ത സുഹൃത്തുക്കൾ ആരെന്നും അവരിൽനിന്ന് കുട്ടികളിലുണ്ടാകുന്ന മാറ്റവും ശ്രദ്ധിക്കണം.
കുട്ടികളോട് പ്രായവ്യത്യാസമുള്ളവരിൽനിന്നുള്ള പെരുമാറ്റം ശ്രദ്ധിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. ലഹരിയെന്ന വില്ലനിൽനിന്ന് കുട്ടികളെ അകറ്റിനിർത്തണം. ലഹരിയെ കുറിച്ചും അവയുടെ ദൂഷ്യവശങ്ങളെ കുറിച്ചുമുള്ള ബോധവത്കരണം വീടുകളിൽനിന്ന് ആരംഭിക്കാം.
വായിച്ചു വളരാം
പുസ്തകവായന ശീലമാക്കാൻ കുട്ടികൾ സമയം കണ്ടെത്തണം. ബാലസാഹിത്യ കൃതികളും നോവലുകളും കൂടാതെ വിജ്ഞാനപരമായ പുസ്തകങ്ങളും ഉൾപ്പെടുത്തിയ ഒരു കൊച്ചുലൈബ്രറി സ്വന്തം വീടുകളിൽതന്നെ ഒരുക്കാം. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വിവരണവും നിരൂപണവും എഴുതി സൂക്ഷിക്കാൻ ശ്രമിക്കുക. ഇതിലൂടെ കൂടുതൽ ഭാഷ പ്രാവീണ്യവും വളർത്തിയെടുക്കാം.
ശ്രദ്ധ വേണം സ്ക്രീനിലെ ചതിക്കുഴിയിൽനിന്ന്
കോട്ടയം: ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽഫോൺ ഉപയോഗിക്കുന്നത് കൊച്ചുകുട്ടികൾ തുടങ്ങി മുതിർന്നവരുടെ നിത്യശീലമായിരിക്കുകയാണ്. ഗെയിമുകൾ ഒഴിവാക്കാനാകാത്ത തലമുറയാണ് ഇപ്പോൾ വളർന്നുവരുന്നത്. അവധിക്കാലത്ത് ഓൺലൈനിൽ സമയം ചെലവഴിക്കുന്ന കുട്ടികളെ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ശരിയായ അവബോധവും നൽകണം.
കാടും മേടും താണ്ടി യാത്രപോകാം
കോട്ടയം: വിനോദയാത്രകളില്ലാതെ എന്ത് അവധിക്കാലം. രണ്ടുമാസത്തെ അവധിക്കാലത്തിന് നിറംകൂട്ടാൻ കെ.എസ്.ആർ.ടി.സിയുടെ മധ്യവേനലവധി ബജറ്റ് ടൂറിസം സെൽ വിവിധ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.
മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, വട്ടവട, തിരുവനന്തപുരം-കോവളം, രാമക്കൽമേട്, തെന്മല-പാലരുവി, പൊന്മുടി, അഷ്ടമുടി കായൽയാത്രകൾ, അറബിക്കടലിൽ കപ്പൽയാത്ര തുടങ്ങിയ ഉല്ലാസയാത്രകളും, മലയാറ്റൂർ-കുരിശുമല, ആറ്റുകാൽ-ആഴിമല-ചെങ്കൽ, പറശ്ശിനിക്കടവ്-കൊട്ടിയൂർ-തിരുനെല്ലി, തീർഥാടനയാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉല്ലാസയാത്രക്ക് ജില്ലയിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽനിന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകൾക്കും കുടുംബശ്രീകൾക്കും ആരാധനാലയങ്ങൾക്കും പൂർവവിദ്യാർഥികൾക്കും ക്ലബുകൾക്കും 50 പേരടങ്ങുന്ന സംഘമായി ബുക്ക് ചെയ്യാൻ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.