കോട്ടയം: വാരിശ്ശേരിയില്‍ മൂന്ന് കടകളില്‍ മോഷണം. വാരിശ്ശേരി കവലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാസം ഹോട്ടല്‍, എ ഫോര്‍ അങ്ങാടി പലചരക്ക് കട, സമീപത്തുള്ള കോഴിക്കട എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ച ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്.
കൈലാസം ഹോട്ടലിലാണ് മോഷ്ടാവ് ആദ്യംകയറിയത്. ഹോട്ടലിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പിൽ ഉണ്ടായിരുന്ന 7000 രൂപ മോഷ്ടിച്ചു. ഹോട്ടലും പലചരക്ക് കടയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു കടകളും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയുടെ ഒരുഭാഗം ചില്ലാണ്. ഈ ചില്ല് തകര്‍ത്താണ് പലചരക്ക് കടക്കുള്ളിലേക്ക് മോഷ്ടാവ് കടന്നത്. ഹോട്ടലിലെ കുക്കര്‍ ഉപയോഗിച്ചാണ് ചില്ല് തകര്‍ത്തത്. പലചരക്ക് കടയില്‍നിന്നും 600 രൂപയും മോഷ്ടിച്ചു. പൊട്ടിയ ചില്ലിന് ഇടയിലുടെ കയറിയ കള്ളന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ മോഷ്ടാവിന്റെ രക്തത്തുള്ളികളും വീണുകിടപ്പുണ്ട്.
പലചരക്ക് കടയിലെ മോഷണത്തിനു ശേഷവും പൊട്ടിയ ചില്ലിന്റെ ഇടയിലൂടെ ഹോട്ടലിലേക്ക് തിരികെ എത്തിയ കള്ളന് പുറകുവശംവഴി കടന്നുകളഞ്ഞു. ഈ കടകളില്‍നിന്നും അൽപം മാറിയാണ് കോഴിക്കടയുള്ളത്. ഇവിടെ കയറിയ മോഷ്ടാവിനു പണമൊന്നും ലഭിച്ചില്ല. ഇവിടത്തെ സാധനങ്ങള്‍ വാരിവലിച്ചിടുകയും സി.സി ടി.വി കാമറ തിരിച്ചുവെക്കുകയും കൗണ്ടര്‍ നശിപ്പിക്കുകയും ചെയ്തു. ഗാന്ധിനഗര്‍ പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.