മെഡി. കോളജിൽ ചികിത്സാരേഖ വലിച്ചെറിഞ്ഞ സംഭവം; അന്വേഷണത്തിന് ഉത്തരവ്

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് കാൻസർ വാർഡിൽ ചികിത്സയിലിരുന്ന രോഗിയുടെ ബന്ധുവിനോട് മോശമായി പെരുമാറുകയും ചികിത്സ രേഖ വലിച്ചെറിയുകയുംചെയ്ത സംഭവത്തിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം.

കട്ടപ്പന ഉപ്പുതറ സ്വദേശിനി കുമാരി രാധാകൃഷ്ണനാണ് (62) കാൻസർ വിഭാഗത്തിലെ 21ാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ആരോഗ്യനില മോശമായി. ഇതിനിടയിൽ കൈയിൽ കിടന്ന ഡ്രിപ്പ് കയറുന്നില്ലെന്ന് സമീപത്തുണ്ടായിരുന്ന ബന്ധു ഡ്യൂട്ടി നഴ്സിനോട് പറഞ്ഞു.

രണ്ടുമൂന്നു തവണ പറഞ്ഞിട്ടും നഴ്സ് വന്നില്ല. വീണ്ടും പറഞ്ഞപ്പോൾ, നഴ്‌സ് ദേഷ്യപ്പെട്ട് ചികിത്സ രേഖ വലിച്ചെറിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യനില വീണ്ടും മോശമായി. ഭർത്താവ് രാധാകൃഷ്ണൻ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭാര്യയെ കാണാനും അനുവദിച്ചില്ലെന്ന് പറയുന്നു. വൈകീട്ട് ഏഴിന് ഇവർ മരിച്ചു. മരണശേഷം മൃതദേഹം നാട്ടിലേക്ക് ആംബുലൻസ് വിളിച്ചുപോകാൻ പണമില്ലാതെ ബുദ്ധിമുട്ടി. തുടർന്ന് ആശുപത്രി പി.ആർ.ഒയുമായി ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് ലഭ്യമായില്ല. തുടർന്ന് ബന്ധുക്കളും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ഇടപെട്ട് ബഹളമായി.

വിവരമറിഞ്ഞ് നവജീവൻ ട്രസ്റ്റാണ് ആംബുലൻസ് സജ്ജീകരിച്ചുകൊടുത്തത്. മൃതദേഹവുമായി പോകവേ പാലായിൽവെച്ച് രാധാകൃഷ്ണന് നെഞ്ചുവേദന അനുഭപ്പെട്ടു. തുടർന്ന് പാലാ ഗവ. ആശുപത്രിയിൽ ചികിത്സതേടിയ ശേഷമാണ് ശനിയാഴ്ച പുലർച്ച മൃതദേഹവുമായി ഉപ്പുതറയിൽ എത്തിയത്. മെഡിക്കൽ കോളജിൽ നാല് ആംബുലൻസുണ്ടെന്നും ഇത്തരം സന്ദർങ്ങളിൽ രോഗികളെയോ മരിച്ചവരെയോ വീടുകളിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ആശുപത്രി അധികൃതർക്കാണെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ പറഞ്ഞു.

ചികിത്സ രേഖ വലിച്ചെറിഞ്ഞെന്ന പരാതിയിൽ, നഴ്സിങ് സൂപ്രണ്ടിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായും ഡോ. ആർ. രതീഷ്കുമാർ അറിയിച്ചു.

Tags:    
News Summary - The incident where the medical record was thrown away in medical college will investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.