കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ നഷ്ടമായ തുക ജീവനക്കാരിൽനിന്ന് ഈടാക്കാൻ ശിപാർശ. നഷ്ടമായ 2.4 കോടി 29 ജീവനക്കാരിൽനിന്ന് ഈടാക്കാൻ തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗമാണ് ശിപാർശ നൽകിയിരിക്കുന്നത്. തട്ടിപ്പ് നടന്ന 47 മാസ കാലയളവിൽ കോട്ടയം നഗരസഭയിൽ ജോലി ചെയ്ത ഒമ്പത് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ജീവനക്കാരിൽനിന്ന് തുക ഈടാക്കാനാണ് നിർദേശം. സെക്രട്ടറിമാർക്ക് പുറമെ പി.എ ടു സെക്രട്ടറി, അക്കൗണ്ടൻറ്, സൂപ്രണ്ട് എന്നിവരും തുക അടക്കണം. ഓരോ കാലയളവിലെയും നഷ്ടം കണക്കാക്കി 18 ശതമാനം പിഴപ്പലിശ സഹിതം തുക ഈടാക്കാനാണ് ഇൻസ്പെക്ഷൻ വിഭാഗം സർക്കാറിന് കൈമാറിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.
കോട്ടയം നഗരസഭയിൽ ക്ലർക്കായിരുന്ന അഖിൽ സി. വർഗീസ് പെൻഷൻ ഫണ്ടിൽ തിരിമറി നടത്തി 2.4 കോടിയാണ് തട്ടിയെടുത്തത്. തട്ടിപ്പിനുശേഷം മുങ്ങിയ അഖിൽ സി. വർഗീസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നിലവിൽ വിജിലൻസിനാണ് അന്വേഷണച്ചുമതല.
മാസങ്ങളായി തുടർന്ന തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശിപാർശയുണ്ട്. സംഭവത്തിൽ നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ നാലുപേരെ നേരത്തേ തദ്ദേശവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ സെക്രട്ടറിക്കും വീഴ്ചയുണ്ടായെന്ന് തദ്ദേശവകുപ്പ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.