വൈക്കത്ത് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലതല ഉദ്ഘാടനം കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്
വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കുന്നു
വൈക്കം: ഓണക്കാലത്ത് വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ലഭ്യമാക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വിപുലപ്പെടുത്തും. സ്വാതന്ത്ര്യദിനത്തിൽ എല്ലാ ജില്ലകളിലും ഖാദി ഉപയോക്താക്കളുടെ സംഗമം നടത്തുമെന്നും പി. ജയരാജൻ പറഞ്ഞു.
കേരള ഖാദിഗ്രാമവ്യവസായ ബോർഡിന്റെയും വൈക്കം ആശ്രമം സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് അഞ്ചുവരെ വൈക്കം എസ്.എൻ.ഡി.പി. യൂനിയൻ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30വരെ ഖാദി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യ വിൽപന നടത്തി.
വൈക്കത്തെ ഖാദി ബോർഡ് തൊഴിലാളികൾക്ക് ഓണം ബോണസായി ഒരുലക്ഷം രൂപയും വെള്ളാപ്പള്ളി നടേശൻ കൈമാറി. നഗരസഭ അധ്യക്ഷ രാധിക ശ്യാം സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി സോഷ്യൽ സർവിസ് സൊസൈറ്റി സെക്രട്ടറി ഫാ. ജോർജ് പനക്കേഴം ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിങ് നിർവഹിച്ചു. വൈക്കം മുഖ്യ ഇമാം ഹുസൈർ ബാഖവി പട്ടുവസ്ത്രങ്ങളുടെ ആദ്യ വിൽപന നടത്തി.
കേരള ഖാദിഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി കെ.എ. രതീഷ്, ബോർഡ് അംഗം കെ.എസ്. രമേശ് ബാബു, വിളക്കിത്തല നായർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ, എ.കെ.ഡി.എസ്. ജില്ല പ്രസിഡന്റ് ശിവദാസ് നാരായണൻ, എസ്.എൻ.ഡി.പി യോഗം വൈക്കം യൂനിയൻ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെൻ, ആശ്രമം സ്‌കൂൾ പ്രഥമാധ്യാപിക പി.ആർ. ബിജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.