കോട്ടയം മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ആരംഭിക്കുന്ന മെഡക്സ് ’23 മെഡിക്കൽ എക്സിബിഷന്റെ ഒരുക്കങ്ങൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്റ്സ് യൂനിയന്റെയും കോളജ് അധികൃതരുടെയും നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ എക്സിബിഷൻ - മെഡക്സ് ’23ന് തിങ്കളാഴ്ച തുടക്കം. 26 വരെയാണ് എക്സിബിഷൻ. ദിവസവും രാവിലെ ഒമ്പതു മുതലാണ് പ്രദർശനം. രാവിലെ 8.30 മുതൽ വൈകീട്ട് ഏഴു വരെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കും. സ്കൂൾ കുട്ടികൾക്ക് 80 രൂപയും കോളജ് വിദ്യാർഥികൾക്ക് 100 രൂപയും മുതിർന്നവർക്ക് 130 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
മെഡിക്കൽ കോളജിന്റെ ഓൾഡ് കാമ്പസ് കെട്ടിടങ്ങളിലാണ് പ്രധാന പ്രദർശന വേദികൾ. 28ഓളം ഡിപ്പാർട്മെന്റുകളുടെ പ്രദർശന സ്റ്റാൾ ഉണ്ട്. മനുഷ്യശരീരവും അതിന്റെ ഉള്ളറകളുടെ ശാസ്ത്രവും അടക്കം വൈദ്യശാസ്ത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടാനാകും. വൈദ്യശാസ്ത്ര സംബന്ധമായ ചർച്ചകളും പ്രഗല്ഭ ഡോക്ടർമാർ പങ്കെടുക്കുന്ന ചർച്ചാവേദികളും സജ്ജമാക്കിയിട്ടുണ്ട്. ബോധവത്കരണത്തിന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങൾ, ആർത്തവ ശുചിത്വം, പകർച്ചവ്യാധികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾ നയിക്കുന്ന സെമിനാറുകൾ ഉണ്ടാവും.
വിവിധ വ്യാപാര-ഭക്ഷണ സ്റ്റാളുകൾ എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മൂന്നാഴ്ച നീളുന്ന വിർച്വൽ റിയാലിറ്റിയും മറ്റു കലാപരിപാടികളും അടക്കം വിനോദ സെക്ഷനുകളും ഉണ്ട്. ബാബു ചാഴികാടൻ റോഡ്, ഐ.സി.എച്ച് ഗ്രൗണ്ട്, കാർഡിയോളജി വിഭാഗത്തിന് സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രീ ബുക്കിങ് സംവിധാനങ്ങൾക്കും മറ്റ് വിശദവിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 8891525480, എമർജൻസി നമ്പർ: 8891452980.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.