കെ.പി.പി.എല്ലിൽ 741 കോടിയുടെ വൈവിധ്യവത്കരണ പദ്ധതി

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്‍റെ ദീർഘകാല സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്നതിന് ഉൽപാദനശേഷി ഉയർത്തലും വൈവിധ്യവത്കരണവും ലക്ഷ്യമിട്ട് 741 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. സർക്കാർ വിഹിതമായി 175 കോടിയും കെ.എസ്.ഡി.പി ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ലഭ്യമാക്കും. 541 കോടി രൂപ ബാങ്ക് കൺസോർട്യം വഴി ലഭ്യമാക്കും. 24 മാസം കൊണ്ടു പദ്ധതി പൂർണമാവുന്നതോടെ കമ്പനിയുടെ വിറ്റുവരവ് 1,500 കോടി രൂപയായി ഉയരും.

മാറുന്ന ഉപഭോക്തൃ പ്രവണതകളും വിപണി ആവശ്യങ്ങളും സ്പെഷാലിറ്റി പേപ്പറിനും ഉയർന്ന നിലവാരമുള്ള പാക്കേജിങ് പേപ്പറിനും വൻ സാധ്യതകൾ തുറന്നിടുന്ന സാഹചര്യത്തിലാണു പേപ്പർ ക്ലസ്റ്റർ രൂപവത്കരിച്ചുള്ള വൈവിധ്യവത്കരണ പദ്ധതി. പ്രത്യക്ഷമായി എണ്ണൂറോളവും പരോക്ഷമായി 1800 ഓളവും തൊഴിലവസരങ്ങളാണ് പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്.

ഇ-കോമേഴ്സ്, ഫുഡ് ഡെലിവറി, റീട്ടെയിൽ മേഖലകളുടെ വളർച്ചയോടൊപ്പം ഈ മേഖലയിലുള്ള പേപ്പർ ഉൽപന്നങ്ങളുടെ ആവശ്യവും ഉയർന്നുവരികയാണ്. നോട്ട് ബുക്കുകൾ, പാഠ ബുക്കുകൾ, ഓഫിസ് ആവശ്യങ്ങൾ എന്നിവക്ക് ഉപയോഗിക്കുന്ന റൈറ്റിങ് ആൻഡ് പ്രിൻറിങ് പേപ്പർ, കോപ്പിയർ പേപ്പർ തുടങ്ങിയവയും കെ.പി.പി.എൽ നിർമിക്കും. ഇവയെല്ലാം ഇതര സംസ്ഥാനങ്ങളിൽനിന്നാണ് ഇപ്പോൾ എത്തിക്കുന്നത്.

പദ്ധതി ശിലാസ്ഥാപനം ബുധനാഴ്ച മൂന്നിന് മന്ത്രി പി. രാജീവ് നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. രാജ്യത്തെ ഏറ്റവും വലിയ പത്രക്കടലാസ് നിർമാണ സ്ഥാപനം ആയിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് മൂന്നര വർഷത്തിലേറെ അടച്ചിട്ടതിനൊടുവിലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെ.പി.പി.എൽ എന്ന പേരിൽ പ്രവർത്തനം പുനഃരാരംഭിച്ചത്.

Tags:    
News Summary - KPPL to launch Rs 741 crore diversification plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.