ഓപ്പറേഷൻ തൂഫാൻ നടപടി ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ഓഫിസിൽ ചേർന്ന സർവകക്ഷി യോഗം
ഈരാറ്റുപേട്ട: ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓപറേഷൻ തൂഫാൻ കാര്യക്ഷമമാക്കുന്നത് ആലോചിക്കാൻ സർവകക്ഷി യോഗം. ചെയർപേഴ്സൻ വി.പി. നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, രാഷ്ട്രീയ- സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് യോഗത്തിനെത്തിയ പലരും പങ്കുവെച്ചത്. കൗമാരക്കാരും യുവാക്കളും ലഹരിയുടെ പിടിയിൽ വീണുപോകാതിരിക്കാൻ മാതാപിതാക്കളുടെ കർശന ശ്രദ്ധയുണ്ടാകണമെന്ന് ഭൂരിപക്ഷ പ്രതിനിധികളും പറഞ്ഞു. നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി ലഹരി കച്ചവടക്കാർ രക്ഷപ്പെടുന്ന നിസ്സഹായാവസ്ഥ ഉദ്യോഗസ്ഥർ തുറന്നു പറഞ്ഞു. കുറഞ്ഞ അളവിൽ ലഹരിയുമായി പിടിക്കപ്പെടുന്നവർ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. ലഹരി വിരുദ്ധ നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടണമെന്ന് അഭിപ്രായം ഉയർന്നു. നിയമം കർശനമായി നടപ്പാക്കി ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ യോഗം ഒറ്റക്കെട്ടായി ഉദ്യോഗസ്ഥർക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ലഹരി വിൽപന കേന്ദ്രങ്ങളായി കരുതപ്പെടുന്ന നഗരത്തിലെ പെട്ടിക്കടകൾ എത്രയും വേഗം ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി ടൗണുകളിൽ അലക്ഷ്യമായി കണ്ടുമുട്ടുന്നവരെ പൊലീസ് ചോദ്യം ചെയ്യണമെന്നും സംശയാസ്പദമായി കാണുന്നവർക്കെതിരെ കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.