ഒ​ലി​ച്ചു​പോ​യ തോ​പ്പി​ൽ​ക​ട​വ്​ പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ. താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ല​വും കാ​ണാം

തോപ്പിൽകടവ്​ പാലം ഇനി വരുമോ?

കോരത്തോട്: പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയപ്പോൾ കോരുത്തോട് തോപ്പിൽകടവ് പാലം തകർന്നിട്ട് എട്ടു വർഷത്തോട് അടുക്കുകയാണ്. പുനർനിർമിക്കാൻ നടപടി എവിടെയും എത്തിയിട്ടില്ല. 2018 ആഗസ്റ്റ് 15ലെ മഹാപ്രളയത്തിലാണ് കോരുത്തോട്-പെരുവന്താനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോപ്പിൽകടവ് പാലം ഒലിച്ചുപോയത്. സർക്കാർ അവഗണനയായപ്പോൾ പ്രദേശവാസികൾ മുൻകൈയെടുത്ത് നിർമിച്ച പാലമാണു പ്രളയം കവർന്നത്. ആദിവാസി വിഭാഗമായ മലയരയ സമുദായ അംഗങ്ങളായ 250ലേറെ കുടുംബങ്ങൾ പ്രധാനമായും മൂഴിക്കൽ കുറ്റിക്കയം പ്രദേശത്തുനിന്നു പുറംലോകത്തേക്ക് യാത്രചെയ്യുന്ന പ്രധാന പാലം കൂടിയായിരുന്നു ഇത്.

പാലം തകർന്നു വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ മൗനത്തിലായപ്പോൾ ജനകീയ സമിതി ഉണർന്നു പ്രവർത്തിച്ചതോടെ താൽക്കാലിക നടപ്പാലം നിർമിക്കുകയും 2024 ആഗസ്റ്റിൽ തുറന്നു നൽകുകയും ചെയ്തു. ജനങ്ങളിൽനിന്നും മറ്റു സംഘടനകളിൽ നിന്നും ഫണ്ട് സ്വരൂപിച്ച് 2022 ജൂലൈയിലാണ് നിർമാണം ആരംഭിച്ചത്. 855,000 രൂപ വിനിയോഗിച്ചാണ് നടപ്പാലം നിർമാണം പൂർത്തീകരിച്ചത്. ഇത് മാത്രമാണ് പ്രദേശവാസികൾക്കുള്ള ഏക ആശ്രയം.

വാഹനങ്ങളിൽ യാത്ര ചെയ്യാൻ മൂഴിക്കൽ കോസ് വേയും ആനക്കല്ല് അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള തടിത്തോട് പാലവും മാത്രമാണ് ആശ്രയം. ഇതിന് മൂന്നു മുതൽ ആറു കിലോമീറ്റർ വരെ അധികം യാത്ര ചെയ്യേണ്ടിവരും. പാലം തകർന്ന് എട്ടു വർഷത്തോളമായിട്ടും ജനപ്രതിനിധികളുടെ ഉറപ്പുകൾ വാക്കുകളിൽ ഒതുങ്ങുകയാണ്. കഴിഞ്ഞ സർക്കാറിന്‍റെ ബജറ്റിൽ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. അത് ഫ്ലക്സ് ബോർഡുകളിൽ മാത്രമായിരുന്നു. അധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർഥികൾ സ്കൂളുകളിൽ എത്താൻ മറ്റു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതും ഇരട്ടി തുക നൽകി. 

Tags:    
News Summary - Will the Thoppilkadavu bridge be built again?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.