വൈക്കം-എറണാകുളം സംസ്ഥാനപാതയിലെ അപകട സ്ഥിതിയിലായ ഇത്തിപ്പുഴ പാലം
വൈക്കം: വൈക്കം-എറണാകുളം സംസ്ഥാനപാതയിലെ ഉദയനാപുരം ഇത്തിപ്പുഴ പാലം അപകടസ്ഥിതിയിൽ. 1956ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ഏ.ജെ. ജോണിന്റെ കാലത്തായിരുന്ന ഇത്തിപ്പുഴ പാലത്തിന്റെ ഉദ്ഘാടനം നടന്നത്. 70ലധികം വർഷം പഴക്കമുള്ള പാലത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. പാലത്തിന്റെ തെക്കേകരയിൽ പാലവും സമീപറോഡും ചേരുന്ന ഭാഗത്തെ കരിങ്കൽ സംരക്ഷണ ഭിത്തിയിൽ വലിയ വിള്ളൽ വീണിരിക്കുകയാണ്. ഈ ഭാഗത്തിന് സമീപത്തെ റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിലെ വീതികുറഞ്ഞ പാലത്തിലൂടെ വലിയ വാഹനം വന്നാൽ കാൽനടക്കാരും ഇരുചക്രവാഹന യാത്രികരും തലനാരിഴക്കാണ് രക്ഷപ്പെടുക്കുന്നത്. 1956ലാണ് മൂവാറ്റുപുഴയാറിന് കുറുകെ ഇത്തിപ്പുഴ പാലം നിർമിച്ചത്. ഇടിഞ്ഞുതാഴ്ന്ന സമീപറോഡിലെ മണ്ണ് തകർന്ന കരിങ്കൽ ഭിത്തിയുടെ അടിഭാഗത്ത് കൂടി പുഴയിലേക്ക് എത്തിയതിനാൽ മുമ്പ് പല തവണ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. മഴ ശക്തമായതോടെ പാലത്തിൽ വലിയ ഗർത്തം രൂപപ്പെടാൻ സാധ്യതയുണ്ട്. പാലത്തിലെ സമീപ റോഡ് ഇടിഞ്ഞു താഴ്ന്നുണ്ടായ കുഴിയറിയാതെ വേഗതയിലെത്തുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും കാറുമൊക്കെ ഉയർന്ന് ചാടുന്ന സ്ഥിതിയാണ്. ഭാഗ്യം കൊണ്ടാണ് വാഹനങ്ങൾ നിയന്ത്രണംവിട്ട് എതിരേ വരുന്ന വാഹനങ്ങളിൽ ഇടിക്കാത്തതും കൈവരി തകർത്ത് പുഴയിൽ വീഴാത്തതുമെന്ന് പ്രദേശവാസികൾ പറയുന്നു.
ഏതാനും വർഷങ്ങളായി പാലം അപകടസ്ഥിതിയിലാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നുതവണ ഇവിടെ റോഡ് ഇടിഞ്ഞു താഴ്ന്നു വലിയ ഗർത്തം രൂപപ്പെട്ടു. എന്നാൽ, ശാശ്വത പരിഹാരം കാണാതെ താൽകാലികമായി കല്ലിട്ട് നികത്തി ടാർ ചെയ്തതാണ് വീണ്ടും റോഡ് താഴ്ന്ന് അപകടാവസ്ഥയിലാകാൻ കാരണം. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് രണ്ട് തവണ റിപ്പോർട്ട് ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല. കണ്ടെയ്നർ അടക്കമുള്ള ഭാരവാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന പാലത്തിൽ മഴ കനത്തതോടെ വൻ ദുരന്ത സാധ്യതയാണ് ഉള്ളത്. വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ തിരക്കേറിയ റോഡിൽ പാലം വീതികുട്ടി പുനർനിർമിക്കേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.