കലക്ടറേറ്റിന് എതിർവശം അടഞ്ഞുകിടക്കുന്ന രജിസ്ട്രേഷൻ കോംപ്ലക്സ്
കോട്ടയം: ജില്ലയിൽ രണ്ടര വർഷത്തിലധികമായി അടഞ്ഞുകിടക്കുന്നത് 4.44 കോടി രൂപ മുടക്കി നിർമിച്ച രജിസ്ട്രേഷൻ കോംപ്ലക്സ്. വിവിധ ആവശ്യങ്ങളുമായി വിവിധയിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ നഗരവും പിന്നിട്ട് തിരക്കുകൾ മറികടന്നുവേണം ഓഫിസിലേക്ക് എത്താൻ.
മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അനുമതി താമസിക്കുന്നതിന് കാരണമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. 2022 മേയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണിത്.
കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാത്തതാണ് അനുമതി നൽകാൻ താമസിക്കുന്നതിന് കാരണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നിർമാണത്തിന് അനുമതി നൽകിയപ്പോൾ പറഞ്ഞിരുന്ന നിബന്ധനകളിൽ വ്യത്യാസം വന്നിട്ടുണ്ട്. നിയമാനുസൃതം ആവശ്യമുള്ള പാർക്കിങ് സ്ഥലം, അതിരുകളിൽ നിന്നുള്ള ദൂരം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യത്യാസമുണ്ട്. അനധികൃത നിർമാണമായതിനാൽ തന്നെ നഗരസഭ രജിസ്ട്രേഷൻ കോംപ്ലക്സിന് കെട്ടിടനമ്പറും നൽകിയിട്ടില്ല.
ജില്ല രജിസ്ട്രാർ ഓഫിസ്, ജില്ല ഓഡിറ്റ് ഓഫിസ്, ജില്ല ചിട്ടി ഇൻസ്പെക്ടർ ഓഫിസ്, ജില്ല ചിട്ടി ഓഡിറ്റ് ഓഫിസ്, അഡീഷനൽ സബ് റജിസ്ട്രാർ ഓഫിസ്, ബൈൻഡിങ് യൂനിറ്റ് എന്നിവ ഉൾപ്പെടുത്തി നിർമിച്ചതാണ് കലക്ടറേറ്റിന് മുമ്പിലെ രജിസ്ട്രേഷൻ കോംപ്ലക്സ്.
നിലവിൽ കളത്തിപ്പടിക്ക് സമീപമാണ് രജിസ്ട്രേഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. അനധികൃത നിർമാണം ഒഴിവാക്കാതെ കെട്ടിടം പ്രവർത്തിപ്പിക്കാൻ അനുമതി നൽകില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം സർക്കാറിൽ നിന്നുള്ള പ്രത്യേക ഉത്തരവിലൂടെ കെട്ടിടത്തിന്റെ നിർമാണം നിയമാനുസൃതമാക്കി പ്രവർത്തനം ആരംഭിക്കുമെന്നും പറയപ്പെടുന്നു.
ജില്ലയിൽ സ്വന്തം വകുപ്പിന്റെ കോടികൾ ഉപയോഗിച്ച നിർമിച്ച ബഹുനില കെട്ടിടം പൂട്ടുവീണു കിടക്കുന്നത് അപമാനകരമാണെന്നാണ് പൊതുജനങ്ങൾ പറയുന്നത്.
കെട്ടിടത്തിന്റെ അപാകത നീക്കി സേവനത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.