കോട്ടയം ജില്ലയിൽ റെക്കോഡ് മഴയുമായി ജനുവരി

കോട്ടയം: കഴിഞ്ഞ 35വര്‍ഷത്തിനിടെ ജനുവരിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്​ ഇത്തവണ. കണക്കുകള്‍ പ്രകാരം 1985ലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അന്ന് 102.8 മില്ലീമീറ്റര്‍ മഴ ജനുവരിയില്‍ പെയ്തിരുന്നു. അതുകഴിഞ്ഞാല്‍ ഏറ്റവും കൂടിയ അളവ് 2017ലെ 32.8 മില്ലീമീറ്റര്‍ ആയിരുന്നു.

എന്നാൽ, ഈ ജനുവരിയിൽ ഒന്നുമുതൽ ഏഴുവരെ മാ​ത്രം ​ജില്ലയില്‍ 87.3 മില്ലീമീറ്റര്‍ മഴ പെയ്തതായി പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ മഴ തുടർന്നാൽ 1985ലെ റെക്കോഡും ഭേദിക്കുമെന്നാണ്​ കാലാവസ്​ഥാ നിരീക്ഷകർ പറയുന്നത്​.

വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്​ച രാവിലെ വരെ ജില്ലയില്‍ 20.6 മില്ലീമീറ്റര്‍ മഴ പെയ്തു. ആലപ്പുഴ കഴിഞ്ഞാല്‍ കോട്ടയത്തായിരുന്നു ഈ സമയം ഏറ്റവും കൂടുതല്‍ മഴ പെയ്തത്. തുലാമഴയിൽ 26 ശതമാനം കുറവ്​ ഇത്തവണ രേഖപ്പെടുത്തിയിരുന്നു.

പുതുവർഷത്തി​ലെ മഴ ഈ ആശങ്കക്ക്​ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. പസഫിക് സമുദ്രത്തിൽ നിലവിലെ ലാനിന സാഹചര്യവും ആഗോള കാലാവസ്ഥ പ്രതിഭാസവും റെക്കോഡ് മഴക്ക്​ കാരണമായി. കഴിഞ്ഞവര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പെയ്തത്​ വെറും 10.7 മില്ലീമീറ്റര്‍ മഴ മാത്രമായിരുന്നു. 2020ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴക്കുറവ് 75 ശതമാനമായിരുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട്​ തുടങ്ങിയ മഴ രാവിലെ വരെ തുടർന്നു. വെള്ളിയാഴ്​ച പകലും ജില്ലയിൽ കാർമേഘം മൂടിയ അവസ്ഥയായിരുന്നു. അപ്രതീക്ഷിത മഴ റബര്‍ കര്‍ഷകരെയും കുരുമുളക്, കാപ്പി കൃഷി ചെയ്യുന്നവരെയും ആശങ്കയിലാക്കിയിട്ടുണ്ട്​. എന്നാൽ, മറ്റ്​ കാർഷിക വിളകൾക്ക്​ മഴ പ്രയോജനകരമായി. വെള്ളിയാഴ്​ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ:

കുമരകം: 19.2 മില്ലീമീറ്റര്‍

കാഞ്ഞിരപ്പള്ളി: 49.2

കോഴാ : 28.0

വൈക്കം: 26.1

കോട്ടയം: 20.6

പൂഞ്ഞാർ: 49.0

Tags:    
News Summary - January with record rainfall in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.