അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു; സർക്കാർ ആശുപത്രികളിൽ അവഗണന

കോട്ടയം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. രോഗ ലക്ഷണങ്ങളോടെ ഒന്നര മാസം മുമ്പ് കോട്ടയം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും എത്തിയിട്ടും ചികിത്സയിൽ അവഗണന നേരിട്ടതായി ആക്ഷേപം. കോട്ടയം പാക്കിൽ വാളൻപറമ്പിൽ ഷാജിമോന്‍റെ ഭാര്യ സിന്ധു ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

സർക്കാർ ആശുപത്രികളിലെ ചികിത്സാ വീഴ്ചകളിലും മരുന്ന് ദൗർലഭ്യത്തിലും അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് സിന്ധുവിന്‍റെ കുടുംബം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിനു പരാതി നൽകിയിരുന്നു. രേഖാമൂലം പരാതി നൽകുന്നതിനു മുമ്പ് വിഷയം മന്ത്രി ഓഫിസിന്‍റെയും മറ്റ് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ശനിയാഴ്ച രണ്ടിന് കൊല്ലാട് കുന്നുംപുറം ഡബ്ല്യു.എം.എം സെമിത്തേരിയിൽ. മക്കൾ: ആനന്ദ്, ആവണി, ആദി.

കടുത്ത തലവേദന, ഛർദി, പനി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടെ സിന്ധുവിനെയും കൊണ്ട് മകൻ ആനന്ദ് ജനുവരി 17ന് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, പല തവണ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടും യഥാർഥ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പരാതിയിൽ പറയുന്നു.

ജനുവരി 20, 24, 28 തീയതികളിലും വീണ്ടും ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും വിശദ പരിശോധന നടത്തുകയോ അഡ്മിറ്റ് ആക്കുകയോ ചെയ്തില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 29ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും കൃത്യമായ രോഗനിർണയം സാധ്യമായില്ല.

ഫെബ്രുവരി ആറു വരെ മെഡിക്കൽ കോളജിൽ ചികിത്സ ലഭിച്ച ശേഷം 14 ദിവസത്തെ കുത്തിവെപ്പിനായി വീണ്ടും ജില്ല ആശുപത്രിയിലേക്കു വിട്ടു. എന്നാൽ, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മരുന്നുകൾ ലഭ്യമല്ലെന്നു പറഞ്ഞ് കുത്തിവെപ്പ് നിർത്തി. പിന്നീട് കാര്യമായ ചികിത്സയും ലഭിച്ചില്ല. ആശ്വാസം ലഭിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി 17ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് 23ന് ഐ.സി.യുവിലേക്കു മാറ്റി. പിറ്റേന്നുതന്നെ വാർഡിലേക്കും മാറ്റി. പിന്നീട് ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നവത്രെ.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്ക്ക ജ്വരം ആണെന്നു കണ്ടെത്തിയത്. രോഗം കണ്ടെത്താൻ വൈകിയതും ചികിത്സയിൽ ഉണ്ടായ തടസ്സങ്ങളുമാണ് സ്ഥിതി വഷളാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സിന്ധുവിന്‍റെ വീടിന്റെ പരിസരങ്ങളിൽ പരിശോധന നടത്തി രോഗപ്പകർച്ച തടയുന്നതിന് നടപടി സ്വീകരിക്കുന്നതിലും ആരോഗ്യവകുപ്പിനു വീഴ്ച സംഭവിച്ചതായാണു പരാതി. 

Tags:    
News Summary - Housewife dies of amoebic encephalitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.