കുതിപ്പ് തുടർന്ന് കാഞ്ഞിരപ്പള്ളി; തൊട്ടുപിന്നിൽ പാലാ
കാഞ്ഞിരപ്പള്ളി: വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകുകയും റെക്കോഡ് പിറക്കുകയും ചെയ്ത കോട്ടയം റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ രണ്ടാംദിനത്തിൽ 194 പോയന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ല ഒന്നാംസ്ഥാനത്ത് കുതിക്കുന്നു. 23 സ്വർണവും 19 വെള്ളിയും 13 വെങ്കലവുമാണ് കാഞ്ഞിരപ്പള്ളി ഇതുവരെ നേടിയത്. പാലാ (150 പോയന്റ്), കോട്ടയം ഈസ്റ്റ് (44 പോയന്റ്), ഈരാറ്റുപേട്ട (37 പോയന്റ്), ചങ്ങനാശ്ശേരി (31 പോയന്റ്) എന്നിവരാണ് മറ്റ് നാല് സ്ഥാനക്കാർ.
കായികമേളയുടെ രണ്ടാം ദിനത്തിലും 99 പോയന്റുമായി കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസാണ് മുന്നിൽ. 15 സ്വർണവും 7 വെള്ളിയും 3 വെങ്കലവും സ്കൂൾ ഇതുവരെ നേടി. പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്, മുരിക്കുവയൽ ഗവ. വി.എച്ച്.എസ്.എസ്, പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസ്, സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് പാലാ എന്നിവർ തൊട്ടുപിന്നിലുണ്ട്.
പിറന്നത് മൂന്ന് റെക്കോഡുകൾ
കാഞ്ഞിരപ്പള്ളി: ജില്ല കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ യു.പി സ്വദേശി വിഷ്ണു യാദവിന് ജില്ല റെക്കോഡ്. 2006ലെ 6.6 മീറ്ററായിരുന്നു നിലവിലെ ജില്ല റെക്കോർഡ്. വിഷ്ണു ചാടിയത് 7.14 മീറ്ററാണ്. കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ വിഷ്ണു, വ്യാഴാഴ്ച നടന്ന ജൂനിയർ വിഭാഗം 100 മീറ്ററിൽ സ്വർണം നേടിയിരുന്നു.
കായികമേളയിൽ മൂന്ന് മീറ്റ് റെക്കോഡുകൾ വ്യാഴാഴ്ച പിറന്നു. മൂന്നും കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസിലെ കുട്ടികൾക്കാണ്. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വിഷ്ണു യാദവ് (11:00 സെക്കൻഡ്), 2006-07ൽ കാഞ്ഞിരപ്പള്ളി ഗവ. എച്ച്.എസിലെ വി.ബി. ബിനീഷിന്റെ 11:3 സെക്കൻഡ് എന്ന റെക്കോഡ് പിന്തള്ളി. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ എം.ഡി. മറൂഫ് (11:09 സെക്കൻഡ്), 2006-07ലെ പെരുന്ന എൻ.എസ്.എസ്. ബി.എച്ച്.എസിലെ ഒ.എസ്. സുജിത്തിന്റെ (12:00 സെക്കൻഡ്) റെക്കോഡ് തകർത്തു. സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിൽ അഭിഷേക് (1:34:0 സെക്കൻഡ്), 2006-07ലെ ഏന്തയാർ ജെ.ജെ.എം എച്ച്.എസ്.എസിലെ സന്ദു സുകുമാരന്റെ റെക്കോഡാണ് പിന്തള്ളിയത്.
സ്വർണം എറിഞ്ഞുവീഴ്ത്തി അനഘ
കാഞ്ഞിരപ്പള്ളി: സീനിയർ പെൺകുട്ടികളുടെ ജാവലിങ് ത്രോയിൽ സ്വർണം എറിഞ്ഞുവീഴ്ത്തി അനഘ എസ്. നായർ. കറുകച്ചാൽ എൻ.എസ് എസ് എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥിയായ അനഘ, കഴിഞ്ഞ വർഷം ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 2024ലും 2025ലും ബോൾ ബാഡ്മിന്റണില് പങ്കെടുത്തിരുന്നു. മണിമല പുളിന്തറ ഹൗസിൽ പി.ആർ. സുജിത്ത് ലാൽ- ലിജു മാത്യു ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.
ചെറിയ പ്രായത്തിൽതന്നെ കായിക മത്സരങ്ങളോട് മകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. അനഘയുടെ പിതാവ് ബാഡ്മിന്റണിലും മാതാവ് അത്ലറ്റിക്സിലും സജീവമായിരുന്നു. ബിരുദ വിദ്യാർഥിയായ സഹോദരി ഐശ്വര്യ, ജാവലിൻ ത്രോയിൽ സ്കൂൾ തലത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന കായികമേളയിൽ സ്വർണം നേടുകയാണ് അനഘയുടെ ലക്ഷ്യം.
അയനക്ക് ഒരു ‘ലൈക്’
കാഞ്ഞിരപ്പള്ളി: സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്ത മത്സരത്തിൽ സ്വർണം നേടി അയന ലൈക്. പൂഞ്ഞാർ എസ്.എൻ.വി എച്ച്.എസ്.എസിലെ വിദ്യാർഥിയായ അയന, വ്യാഴാഴ്ച നടന്ന 3000 മീറ്റർ ഓട്ടത്തിലും സ്വർണം നേടിയിരുന്നു. ശനിയാഴ്ച 1500 മീറ്റർ ഓട്ടത്തിലും അയന മത്സരിക്കുന്നുണ്ട്.
പെരുവ ജി.വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോഴാണ് തന്റെ കായിക സ്വപ്നങ്ങൾക്ക് ഈ മിടുക്കി തുടക്കം കുറിച്ചത്. 200 മീറ്റർ ഓട്ടം, കൊക്കോ എന്നിവയിലായിരുന്നു അന്ന് പങ്കെടുത്തത്. കഴിഞ്ഞ വർഷം സ്കൂൾ കായികമേളയിൽ മൂന്നു കിലോമീറ്റർ നടത്തത്തിലും 3000 മീറ്റർ ഓട്ടത്തിലും അയന പങ്കെടുത്തിരുന്നു. ഇടുക്കി പന്നിമറ്റം നടുമറ്റത്തിൽ ലൈക് മാത്യുവും ജൈൻ ലൈക്കുമാണ് മാതാപിതാക്കൾ.
കായികമേളക്ക് ഇന്ന് കൊടിയിറങ്ങും
മൂന്നുദിവസം നീണ്ട കോട്ടയം റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിക്സ് കോളജ് ഗ്രൗണ്ടിൽ ശനിയാഴ്ച കൊടിയിറങ്ങും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രഫ. റോണി കെ. ബേബി അധ്യക്ഷത വഹിക്കും. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും കൊടിക്കുന്നിൽ സുരേഷ് എം.പി വിതരണം ചെയ്യും. എം.എൽ.എമാരായ കെ. ബിനിമോൻ, മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.