കോട്ടയം: മീൻ ലഭ്യത കുറയുകയും കടലിൽ രാസവസ്തുക്കൾ കലർന്നെന്ന ആശങ്കയും കാരണം ഇറച്ചിവില കുത്തനെകൂട്ടി കച്ചവടക്കാർ. ഇറച്ചിക്ക് ആവശ്യക്കാർ വർധിച്ചതും വലിയപെരുന്നാൾ ആഘോഷവേളയും മുന്നിൽക്കണ്ടാണ് കോഴി, ആട്, മാട്ടിറച്ചിയുടെ വില വർധിപ്പിച്ചത്. മാട്ടിറച്ചിക്ക് 40 മുതൽ 60 രൂപവരെ പലയിടത്തും വർധിപ്പിച്ചതായാണ് പരാതി. കോഴിയിറച്ചി വില കിലോക്ക് 150 രൂപ കടന്നു.
ആട്ടിറച്ചിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ദിവസങ്ങളായി പെയ്ത മഴയെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകാത്തതും കപ്പൽ മുങ്ങി രാസപദാർഥങ്ങൾ കടലിൽ കലർന്നെന്ന ആശങ്കയും നിലനിൽക്കുന്നതാണ് മത്സ്യത്തിന്റെ ഉപയോഗം കുറച്ചത്. ചിലയിടങ്ങളിൽ മീൻ വിൽപന നടക്കുന്നെങ്കിലും വലിയ തുകയാണ് ഈടാക്കുന്നത്. നാടൻ മീനുകൾ വിപണിയിൽ സജീവമായെങ്കിലും വലിയ വില നൽകേണ്ട സാഹചര്യമാണ്. അതിനിടെ ഇറച്ചി വാങ്ങിക്കാമെന്ന് കരുതിയാൽ അതിനും വില വർധിപ്പിച്ചിരിക്കുകയാണിപ്പോൾ.
പെരുന്നാൾ അടുത്ത സാഹചര്യത്തിൽ പോത്തിറച്ചി എന്നപേരിൽ വിൽപന നടത്തുന്ന ഇറച്ചിയുടെ വില മിക്കയിടത്തും 440ഉം, 460മായി വർധിപ്പിച്ചിരിക്കുകയാണ്. മുമ്പ് ഇത് 400ഉം 420മായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവയാണ് ജില്ലയിലെ ഭൂരിഭാഗം കശാപ്പുകേന്ദ്രങ്ങളെന്ന ആക്ഷേപവുമുണ്ട്.
കേരളത്തിൽ ഇറച്ചിക്ക് എറ്റവും ഉയർന്ന തുക ഈടാക്കുന്ന ജില്ലയായി കോട്ടയം മാറിയെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു. വില വർധനയുടെ ഗുണം പോത്തുവളർത്തുന്ന കർഷകർക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പോത്തിറച്ചി എന്ന പേരിൽ എരുമ, പശു എന്നിവയുടെ മാംസം വിൽക്കുന്നത് മുൻ കാലങ്ങളെക്കാൾ വർധിച്ചെന്ന ആക്ഷേപവുമുണ്ട്. ഇതുമൂലം ജില്ലയിൽ നാലുവർഷത്തിനുള്ളിൽ പശുക്കളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായും ആക്ഷേപമുണ്ട്. ഇറച്ചി വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.