കോട്ടയം: കേന്ദ്ര ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുമ്പോൾ, തുടർപ്രഖ്യാപനം കാത്ത് കോട്ടയത്തെ റെയിൽവേ ടെര്‍മിനല്‍ പദ്ധതി. 2011-12ലെ റെയിൽവേ ബജറ്റിലാണ് കോട്ടയം സ്റ്റേഷനിൽ കോച്ച് ടെര്‍മിനൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ, 14 വര്‍ഷമായിട്ടും യാഥാർഥ്യമായിട്ടില്ല. ഇതിനിടെ തമിഴ്നാട്ടിലും കർണാടകയിലും നിരവധി ടെർമിനലുകളും റെയിൽവേ നിർമിച്ചു. തമിഴ്നാട്ടിലെ താംബരം, കര്‍ണാടകയിലെ ബൈയ്യപ്പനഹള്ളി, തെലങ്കാനയിലെ ചെര്‍ലപ്പള്ളി എന്നിവിടങ്ങളിലാണ് ഇക്കാലയളവിൽ റെയിൽവേ ടെര്‍മിനലുകള്‍ പൂർത്തിയാക്കിയത്. തമിഴ്നാട്ടില്‍ പെരുമ്പൂര്, പോടന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ ടെര്‍മിനലുകള്‍ക്കുള്ള ശ്രമത്തിലാണ് ദക്ഷിണ റെയില്‍വേ. എന്നാൽ, കോട്ടയത്തിന്റെ കാര്യത്തിൽ മൗനം തുടരുകയാണ്.
റെയില്‍വേ ബജറ്റ് കൂടി ഉള്‍പ്പെടുന്ന കേന്ദ്രബജറ്റ് ശനിയാഴ്ച ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട തുടർപ്രഖ്യാപനമാണ് ജില്ല കാക്കുന്നത്.
ദക്ഷിണ റെയില്‍വേയില്‍ വരുമാനത്തില്‍ 21ാം സ്ഥാനത്താണ് കോട്ടയം സ്റ്റേഷനെങ്കിലും വികസനത്തിൽ മാറ്റിനിർത്തപ്പെടുകയാണെന്ന വികാരം ശക്തമാണ്. കോട്ടയം വഴിയുള്ള ഇരട്ടപ്പാത 2022 മേയിലും ആറു പ്ലാറ്റ്ഫോമുകളോടെ നവീകരിച്ച സ്റ്റേഷന് യാര്‍ഡ് അതേവര്‍ഷം സെപ്റ്റംബറിലും പൂര്‍ത്തിയായതാണ്. എന്നാല്‍, ഈ സൗകര്യങ്ങള്‍ക്ക് അനുസൃതമായി പുതിയ ട്രെയിനുകളൊന്നും അനുവദിച്ചിട്ടില്ല. എറണാകുളത്ത് യാത്ര അവസാനിക്കുന്ന ചില ട്രെയിനുകള്‍ കോട്ടയത്തേക്ക് നീട്ടണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും റെയില്‍വേ അനങ്ങിയിട്ടില്ല. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന കണ്ണൂര്‍-എറണാകുളം എക്സ്പ്രസ്, ഗോരഖ്പുര്‍-എറണാകുളം രപ്തി സാഗര്‍ എക്സ്പ്രസ്, ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കോട്ടയത്തേക്ക് സര്‍വിസ് നീട്ടണമെന്നാണ് ആവശ്യം.
ഇതേ കാലയളവില്‍ പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലേക്കും പിന്നീട് കന്യാകുമാരിയിലേക്കും ദീര്‍ഘിപ്പിച്ചു. അമൃത എക്സ്പ്രസ് പാലക്കാട്ടുനിന്ന് മധുരക്കും പാലരുവി തൂത്തുക്കുടിയിലേക്കും, ഗുരുവായൂര്‍-പുനലൂര്‍ മധുരയിലേക്കും നീട്ടി. തമിഴ്നാട്ടിലേക്ക് സര്‍വിസ് നീട്ടാന്‍ യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും റെയില്വേക്കില്ലെന്നും എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് സര്‍വിസ് നീട്ടാൻ മാത്രമാണ് ബുദ്ധിമുട്ടെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
ഏപ്രിലിലെ റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി പുണെ-എറണാകുളം റൂട്ടിലെ രണ്ടു ട്രെയിൻ കോട്ടയത്തേക്ക് നീട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ശനിയാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഒപ്പം ശബരിപാതയുമായി ബന്ധപ്പെട്ട നിർണായകപ്രഖ്യാപനത്തിനായും ജില്ല കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.