കോട്ടയം: നഗരസഭയിൽ ഐ.എച്ച്.എസ്.ഡി.പി പദ്ധതിപ്രകാരം അക്കൗണ്ടിലുണ്ടായിരുന്ന ഒരുകോടി കൗൺസിൽ അനുമതി കൂടാതെ സിറ്റി യൂനിയൻ ബാങ്കിലേക്ക് മാറ്റിയതിൽ വിശദ അന്വേഷണത്തിന് ശിപാർശ ചെയ്ത് 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. തുക മാറ്റിയത് വിവാദമായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ചെയർപേഴ്സൻ തുക തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 1,85,29,934 രൂപയാണ് ഐ.എച്ച്.എസ്.ഡി.പി പദ്ധതിപ്രകാരം പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്നത്. അക്കൗണ്ട് ക്ലോസ് ചെയ്യാനും അവശേഷിക്കുന്ന തുക പലിശസഹിതം കുടുംബശ്രീ മിഷൻ അക്കൗണ്ടിൽ നിക്ഷേപിക്കാനും നിർദേശമുണ്ടായിരുന്നു. അതനുസരിച്ച് 85,60,808 രൂപ കുടുംബശ്രീക്ക് കൈമാറി. ബാക്കി തുക മുനിസിപ്പാലിറ്റി വിഹിതമാണെന്നാണ് ഫയലിൽ രേഖപ്പെടുത്തിയിരുന്നത്. വികസന ഫണ്ടിൽനിന്ന് വകയിരുത്തിയ തുകയാണ് ഇതെന്ന് പരിശോധനയിൽ വ്യക്തമായി. നഗരസഭയിൽ ഭവനനിർമാണ പദ്ധതിയായ പി.എം.എ.വൈയിലേക്ക് തുക ഉൾപ്പെടുത്തി വിനിയോഗിക്കാൻ പ്രപ്പോസൽ തയാറാക്കാൻ പി.എം.എ.വൈ മാനേജരെ ചുമതലപ്പെടുത്തി 2020ൽ കത്ത് നൽകി. ഇതിന്‍റെ തുടർനടപടികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നൽകിയ ഓഡിറ്റ് അന്വേഷണത്തിന് മറുപടി ലഭ്യമാക്കിയിട്ടില്ല. ഈ നിർദേശം നിലനിൽക്കെയാണ് സെക്രട്ടറിയുടെ ആവശ്യപ്രകാരം തുക സിറ്റി യൂനിയൻ ബാങ്ക് കോട്ടയം ശാഖയിലെ അക്കൗണ്ടിലേക്ക് 2021 മാർച്ചിൽ മാറ്റിയത്. പെയർപേഴ്സന്റെ നിർദേശമനുസരിച്ച് തുക തിരികെ പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത് എന്നും ഇതിനുള്ള മുനിസിപ്പൽ കൗൺസിലിന്‍റെ തീരുമാനവും ഫയലിൽ ലഭ്യമല്ല. മിനിറ്റ്സ് ബുക്കിലും വിവരം ഇല്ല. കമ്മിറ്റി തീരുമാനം പരിശോധനക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തിട്ടില്ല. വികസനഫണ്ടിൽനിന്ന് ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിലേക്ക് 2017ൽ മുനിസിപ്പൽ വിഹിത ഇനത്തിൽ നൽകിയ തുക സഞ്ചിതനിധിയിലേക്ക് തിരിച്ചടക്കുകയോ സർക്കാറിന്‍റെ അനുമതി വാങ്ങി സമാന പദ്ധതികൾക്ക് വിനിയോഗിക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഈ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. .............. നഗരസഭ പാഴാക്കിയത് 33.85 കോടി കോട്ടയം: നഗരസഭയിൽ പദ്ധതി നടപ്പാക്കുന്നതിലെ അലംഭാവം മൂലം നഷ്‌ടമായത് കോടികൾ. 2019-20 സാമ്പത്തികവർഷം നഗരസഭ പാഴാക്കിയത് 33.85 കോടിയാണെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. സാമ്പത്തിക വർഷാവസാനം കോവിഡും ലോക്‌ഡൗണും വന്നതോടെ പണം ചെലവഴിക്കാൻ നഗരസഭക്ക് സാധിച്ചില്ല. ലഭിച്ച തുകയുടെ 30.75 ശതമാനം മാത്രമാണ് വിവിധ പദ്ധതികൾക്കായി ചെലവിട്ടത്. നഗരസഭയുടെ ദൈംദിന ഭരണനിർവഹണ പ്രവർത്തനങ്ങളിൽ ആഭ്യന്തര നിയന്ത്രണ സംവിധാനത്തിന്‍റെ അഭാവവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിരുനക്കരയിലെ ഹോട്ടൽ നവീകരണത്തിലും ചട്ടലംഘനം കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്‍റെ നിർമാണത്തിലും ചട്ടലംഘനം കണ്ടെത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നഗരസഭ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് ത്രീ സ്‌റ്റാർ ബാർ തുടങ്ങാൻ അനധികൃത നിർമാണത്തിന് എല്ലാ ആനുകൂല്യങ്ങളും നഗരസഭ ചെയ്‌തുകൊടുത്തതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉപയോഗിച്ച്, കൗൺസിൽ തീരുമാനത്തെ മാനിക്കാതെ കെട്ടിടത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. സ്ഥിരമായി നിയമലംഘനം നടത്തുന്നതിനാൽ ലൈസൻസ് റദ്ദാക്കാൻ നഗരസഭ കൗൺസിലിന് ശിപാർശ ചെയ്യാമെന്നും നിർമാണം സംബന്ധിച്ച സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിൽ വെച്ചിട്ടില്ല രണ്ടരവർഷമായി ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിൽ വെച്ചിട്ടില്ല. ആറുമാസം കൂടുമ്പോൾ ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിൽ വെച്ച് അംഗീകാരം തേടണമെന്നാണ് നിയമം. എന്നാൽ, കോട്ടയം നഗരസഭയിൽ അത് പാലിക്കാറില്ല. ഭരണപക്ഷത്തെ അഴിമതി മറച്ചുപിടിക്കാനാണ് കണക്കുകൾ കൗൺസിലിൽ വെക്കാത്തത് -അഡ്വ. ഷീജ അനിൽ, നഗരസഭ പ്രതിപക്ഷ നേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.