മജീഷ്യന്‍ കണ്ണന്‍മോനും കൂട്ടുകാര്‍ക്കും ജില്ലതല പുരസ്‌കാരം

പാലാ: കോവിഡ്കാലത്ത് മാജിക്കിന്‍റെ അരങ്ങൊഴിഞ്ഞപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളില്‍ വിസ്മയം തീര്‍ത്ത മജീഷ്യന്‍ കണ്ണന്‍മോനും കൂട്ടുകാര്‍ക്കും വനിത ശിശുവികസന വകുപ്പിന്‍റെ ജില്ലതല പുരസ്‌കാരം. രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മജീഷ്യന്‍ കണ്ണന്‍മോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒരു കോവിഡ്കാല കാഴ്ച' എന്ന ആരോഗ്യ ബോധവത്​കരണ ഷോര്‍ട്ട് ഫിലിമിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാന വനിത-ശിശുവികസന വകുപ്പ് യൂനിസെഫിന്‍റെ സഹകരണത്തോടെ ജില്ല ചൈല്‍ഡ് പ്രൊട്ടക്​ഷന്‍ യൂനിറ്റ് മുഖാന്തരം സംഘടിപ്പിച്ച 'സര്‍ഗവസന്തം പ്രാണ' കലോത്സവത്തിലാണ് മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ്കാലത്ത് മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാസ്‌ക് ഉപയോഗിക്കാത്തവരുടെ ദുർഗതിയും ചൂണ്ടിക്കാട്ടിയുള്ള ഷോര്‍ട്ട് ഫിലിമാണ് കണ്ണന്‍മോന്‍ സംവിധാനം ചെയ്തത്. കൂട്ടുകാരായ ഐങ്കൊമ്പ് അംബിക വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അരവിന്ദ് സോണിക്കും വെള്ളിലാപ്പിള്ളി സെന്‍റ്​ ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി അഭിനവ് സോണിക്കും ഒപ്പം കണ്ണന്‍മോനും അമ്മ ശ്രീജയും മുത്തച്ഛന്‍ രാമകൃഷ്ണന്‍ നായരും ഷോർട്ട്ഫിലിമില്‍ വേഷമിട്ടു. കഥയും തിരക്കഥയും ഒരുക്കി കണ്ണന്‍മോന്‍ സംവിധാനം ചെയ്‌പ്പോള്‍ മുത്തച്ഛന്‍ രാമകൃഷ്ണന്‍ നായരും അമ്മ ശ്രീജയും മാറിമാറി കാമറ കൈകാര്യം ചെയ്തു. മൊബൈല്‍ ഫോണിലായിരുന്നു ചിത്രീകരണം. ജില്ലതലത്തില്‍ 14 ഷോര്‍ട്ട് ഫിലിമുകളാണ് സര്‍ഗവസന്തം പ്രാണ കലോത്സവത്തില്‍ മാറ്റുരച്ചത്.​ മൂന്നര വയസ്സുമുതല്‍ മാജിക് രംഗത്തുള്ള 'കണ്ണന്‍മോന്‍' എന്ന എസ്. അഭിനവ് കൃഷ്ണ ഇതിനകം 500ല്‍പരം വേദികളില്‍ മാജിക്‌ഷോ അവതരിപ്പിച്ചിട്ടുണ്ട്​. കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കെ.എസ്. മല്ലിക വിതരണം ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്​ഷന്‍ ഓഫിസര്‍ അഞ്ജുമോള്‍ സ്‌കറിയയും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.