കോട്ടയം: കോവിഡ് വ്യാപനം കുറഞ്ഞ് വിനോദകേന്ദ്രങ്ങളെല്ലാം തുറന്നിട്ടും നെഹ്റു പാർക്ക് തുറക്കാൻ സന്നദ്ധമാകാതെ നഗരസഭ. രണ്ടുകോടിയിലേറെ ചെലവിച്ച് കോവിഡിനുമുമ്പ് നവീകരിച്ച പാർക്ക് പരിപാലനമില്ലാതെ നശിക്കുകയാണ്. കളിയുപകരണങ്ങളും ഊഞ്ഞാലുമടക്കം തുരുമ്പെടുത്തു. നടവഴിയിൽ പുല്ലുനിറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും അൽപസമയം ചെലവഴിക്കാൻ നഗരത്തിനകത്ത് ആകെയുള്ള ഇടമാണ് പാർക്ക്. അറ്റകുറ്റപ്പണിക്കായി അഞ്ചുവർഷത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1,62,35,000 രൂപയും നഗരസഭയുടെ തനതുഫണ്ടിൽനിന്ന് 45 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരിച്ചത്. ശിൽപി കെ.എസ്. രാധാകൃഷ്ണൻ നിർമിച്ച ബഹുരൂപി ശിൽപങ്ങളാണ് പാർക്കിന്‍റെ ആകർഷണം. 10 അടി ഉയരമുള്ള ശിൽപങ്ങൾ ഇദ്ദേഹം സൗജന്യമായാണ് നിർമിച്ചുനൽകിയത്. 2019 ഡിസംബറിൽ തുറന്ന പാർക്ക് കോവിഡ് വന്നതോടെ അടച്ചു. പിന്നീട് തുറന്നിട്ടില്ല. കഴിഞ്ഞവർഷം പാർക്കിന്‍റെ പരിപാലനം വ്യക്തിയെ ഏൽപിക്കുന്നതിനെച്ചൊല്ലി കൗൺസിലിൽ തർക്കമുണ്ടായി. ചങ്ങനാശ്ശേരി സ്വദേശിയാണ് പാർക്ക് പരിപാലനം ഏറ്റെടുക്കാൻ തയാറാണെന്നുകാണിച്ച് നഗരസഭക്ക് കത്തുനൽകിയത്. എന്നാൽ, പരിപാലനത്തിനുള്ള തൊഴിലാളികളുടെ വേതനം, ചെടികൾക്ക് ആവശ്യമായ വളം, മറ്റു സാധനങ്ങൾ എന്നിവ വാങ്ങുന്നതിന് പ്രതിമാസം ഒന്നരലക്ഷം രൂപ നികുതി ഉൾപ്പെടെ നഗരസഭ നൽകണം. കൂടാതെ പാർക്കിലെ മോട്ടറിന്റെ പ്ലംബിങ് വർക്കും മെയിന്റനൻസും നഗരസഭ ചെയ്യണം. വൈദ്യുതിയും നഗരസഭ ലഭ്യമാക്കണം എന്നായിരുന്നു പ്രപ്പോസൽ. ഇതോടെ പ്രതിപക്ഷം എതിർത്തു. തുടർന്ന് അജണ്ട മരവിപ്പിക്കുകയായിരുന്നു. നിലവിൽ പാർക്കിന്‍റെ പരിപാലനത്തിന് ആളില്ല. ഒരുമാസത്തിനകം തുറക്കും പാർക്ക് ഒരുമാസത്തിനുള്ളിൽ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കാടുവെട്ടി വൃത്തിയാക്കിയിട്ടുണ്ട്. കളിയുപകരണങ്ങളുടെ സ്ഥിതി പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിന്‍റെ പണികൂടി ഉടൻ പൂർത്തിയാക്കും. (ബിൻസി സെബാസ്റ്റ്യൻ-നഗരസഭ അധ്യക്ഷ) KTL PARK 1 -നഗരസഭയുടെ നെഹ്റു പാർക്കിലെ കളിയുപകരണങ്ങൾ തുരുമ്പുപിടിച്ച നിലയിൽ KTL PARK 2 - നെഹ്റു പാർക്ക് നവീകരണത്തിനായി ചെലവിട്ട തുക പ്രദർശിപ്പിച്ചുകൊണ്ടുള്ള ബോർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.