പമ്പ തീരത്ത്​ ജൈവ വൈവിധ്യബോർഡിന്‍റെ വിജ്ഞാനകേന്ദ്രം വരുന്നു

കോട്ടയം: പമ്പ നദീതീരത്ത്​ ജൈവവൈവിധ്യങ്ങൾ നിറയുന്ന വിജ്ഞാനകേന്ദ്രം വരുന്നു. റീ ബിൽഡ്​ കേരളയുടെ ഭാഗമായി ജൈവവൈവിധ്യബോർഡാണ്​ കേന്ദ്രം സ്​ഥാപിക്കുന്നത്​. ഇതിനായി താൽപര്യപത്രം ക്ഷണിച്ചു. ​ ജൈവവൈവിധ്യമായി ബന്ധപ്പെട്ട്​ വിദ്യാർഥികൾക്കും ജനങ്ങൾക്കുമിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ്​ കേന്ദ്രം തുറക്കുന്നത്​. ജൈവവൈവിധ്യ സംരക്ഷണത്തി‍ൻെറ ആവശ്യകത വിവരിക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവക്കൊപ്പം വിവിധ ആവാസവ്യവസ്ഥകൾ, വൈവിധ്യം എന്നിവയുടെ നേർക്കാഴ്ചകളും ഒരുക്കും. നദീതീര ജൈവവൈവിധ്യത്തിനും അതി‍ൻെറ സംരക്ഷണത്തിനും ഊന്നൽ നൽകുന്ന കേന്ദ്രത്തിൽ വിവിധ ചെടികൾ, മരങ്ങൾ, ജീവികൾ, ഒപ്പം ഇവയുടെ പ്രാധാന്യങ്ങളടക്കമുള്ള വിശദാംശങ്ങളുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിട്ടുള്ള സാങ്കേതിക വൈദഗ്​ധ്യമുള്ള വ്യക്തികളെ/ഏജൻസികളെയാണ്​ കേന്ദ്രമൊരുക്കാനായി ക്ഷണിച്ചത്​. ആശയങ്ങളും ബജറ്റും അടക്കം സമർപ്പിക്കാനാണ്​ നിർദേശം​. അപേക്ഷകൻ സമാനമായ പ്രോജക്ടുകൾ വിജയകരമായി നടപ്പാക്കിയിരിക്കണമെന്നും മൂന്ന്​ വർഷത്തെ ഓൺസൈറ്റ് സേവനം നൽകണമെന്നും ടെൻഡറിൽ പറയുന്നു. രണ്ടുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം​. പൊതുജനങ്ങൾക്ക്​ സൗജന്യമായിട്ടാകും പ്രദർശനം. ഗാലറികൾ, മോഡലുകൾ, ഓഡിയോ വിഷ്വൽ ലൈറ്റ് ഇഫക്​ടുകൾ,കിയോസ്കുകൾ, അടയാളങ്ങൾ, പെയിന്‍റുകൾ, ചിത്രീകരണങ്ങൾ, ഡിജിറ്റൽ ഡിസ്‌പ്ലേകൾ, എൽ.ഇ.ഡി മതിൽ,അവബോധ വിഡിയോകൾ മുതലായവ കേന്ദ്രത്തിലുണ്ടാകും. പമ്പ നദിയിലെ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടാണ്​ കേന്ദ്രം. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിനായി സ്ഥലം കണ്ടെത്തും. നദിയോട്​ ചേർന്നുകിടക്കുന്ന റാന്നിയടക്കമുള്ള സ്ഥലങ്ങളാണ്​ പരിഗണനയിലുള്ളത്​. നേരത്തേ ജൈവവൈവിധ്യബോർഡ്​ നടത്തിയ പഠനത്തിൽ മഹാപ്രളയത്തിൽ പമ്പ, പെരിയാർ നദികളിൽ ജൈവവൈവിധ്യത്തിന്​ കനത്ത നഷ്ടമുണ്ടായെന്ന്​ കണ്ടെത്തി. തു​ടർന്നാണ്​ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിക്ക്​ തുടക്കമായത്​. ഇതി‍ൻെറ തുടർച്ചയായാണ്​ പരീക്ഷണാടിസ്​ഥാനത്തിൽ വിജ്ഞാനശേഖരം ഒരുക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.