പാലായിലെ ഏറ്റവും മുതിർന്ന വോട്ടറായ 104 വയസ്സ് പിന്നിട്ട മൂലയിൽ തോട്ടത്തിൽ ഔസേപ്പച്ചൻ കടനാട് പഞ്ചായത്തിലെ ആറാം വാർഡിലെ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നു.
ഔസേപ്പച്ചൻ, മൂലയിൽതോട്ടത്തിൽ 104 വയസ്സ് വീട്ടിൽ വോട്ട്
പാലാ: നിയോജകമണ്ഡലത്തിലെ ഏറ്റവും മുതിർന്ന പൗരൻ ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ കടനാട് പഞ്ചായത്തിലെ ആറാം വാർഡിലെ വീട്ടിൽ വോട്ട് രേഖപ്പെടുത്തി.
104 വയസ്സ് പിന്നിട്ട ഔസേപ്പച്ചൻ ജനാധിപത്യ പ്രക്രിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വോട്ടിങ്ങിൽ പങ്കെടുത്തത്. മകൻ സാബു ജോസഫ്, പൗത്രൻ എബി ജെ. ജോസ് എന്നിവർ പോളിങ് ഉദ്യോഗസ്ഥർ എത്തും മുമ്പ് തന്നെ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് വിശദീകരിച്ചു നൽകി. കെ.എം മാണിയുടെ പുത്രൻ ജോസ് കെ. മാണി, ചെറിയാൻ ജെ. കാപ്പന്റെ മകൻ മാണി സി. കാപ്പൻ, പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് എന്നിവരാണ് ഇവിടെ പ്രധാന സ്ഥാനാർഥികൾ.
തുടർന്ന് പ്രിസൈഡിങ് ഓഫിസർ അനിൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി. ബന്ധപ്പെട്ട രേഖകളിൽ ഒപ്പ് വയ്പ്പിച്ച ശേഷം തെരഞ്ഞെടുപ്പ് ചെയ്തതിന്റെ മഷി വിരലിൽ പുരട്ടി. തുടർന്ന് രഹസ്യ ബാലറ്റ് രേഖപ്പെടുത്തിയശേഷം ഔസേപ്പച്ചൻ പെട്ടിയിൽ വോട്ട് നിക്ഷേപിച്ചു. മൈക്രോ ഒബ്സർവർ ഗിരീഷ് കുമാറും ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയരംഗത്തും സജീവമായിരുന്നു ഔസേപ്പച്ചൻ. സ്വാതന്ത്ര്യത്തിനു മുമ്പ് രൂപീകരിക്കപ്പെട്ട നികുതിദായക സംഘത്തിലും സജീവമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പാലായിൽ സംഘടിപ്പിച്ച സമരങ്ങളിൽ പങ്കെടുത്തതിന് ഔസേപ്പച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷവും കോൺഗ്രസിൽ പ്രവർത്തിച്ചു. തുടർന്നു വർഷങ്ങൾക്കു ശേഷം കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു. മൂന്നാനി വാർഡിൽ 25 വർഷത്തോളം കേരളാ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റായിരുന്നു. നഗരസഭാ കൗൺസിലർ സ്ഥാനത്തേയ്ക്കു മത്സരിക്കാൻ ലഭിച്ച അവസരം നിരസിച്ചു. പിന്നീട് മൂന്നാനിയിൽ നിന്നും ഇഞ്ചികാവിലേക്ക് താമസം മാറി.
അവിടെ താമസസ്ഥലത്തിന് സമീപത്തുകൂടി കടന്നു പോകുന്ന വഴി ടാർ ചെയ്യിക്കാൻ കെ.എം മാണി, വക്കച്ചൻ മറ്റത്തിൽ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിപ്പിച്ചു. വിശ്രമജീവിതം നയിച്ച ഔസേപ്പച്ചനെ കാണാൻ മന്ത്രിയായിരിക്കെ കെ.എം മാണി എത്തുകയും ആദരിക്കുകയും ചെയ്തിരുന്നു. പാലായുടെ പ്രഥമ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വയലിലിന്റെ സഹോദരീ പുത്രനാണ് ഔസേപ്പച്ചൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.