സി.പി.എം ബഹിഷ്കരിച്ചു

കൊക്കയാർ: ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായ വിതരണചടങ്ങുകൾ സി.പി.എം പഞ്ചായത്ത് പ്രസിഡന്‍റ്​ ഉൾപ്പെടെയുള്ളവർ ബഹിഷ്കരിച്ചു. നാരകംപുഴ സി.എസ്.ഐ പാരീഷ് ഹാളിൽ മന്ത്രി കെ.രാജൻ പങ്കെടുത്ത യോഗത്തിൽ നിന്നാണ് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്‍റ്​, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​, ഇടുക്കി ജില്ല പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​, ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം ലോക്കൽ സെക്രട്ടറി, കേരള കോൺഗ്രസ്-എം,ജെ വിഭാഗങ്ങളുടെ മണ്ഡലം പ്രസിഡന്‍റുമാർ എന്നിവർ വിട്ടുനിന്നത്​. പാർട്ടിനിർദേശത്തെ തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രിയാ മോഹനൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അറിയിച്ചു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കഴിഞ്ഞദിവസം പ്രളയദുരിതത്തിൽ പെട്ട ആളുകൾക്ക് ധനസഹായം വിതരണം ചെയ്തിരുന്നു. കൊക്കയാറിൽ ഇത്​ വൈകിയതോടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാവുകയും വേഗത്തിൽ യോഗം ചേർന്ന് ധനസഹായ വിതരണം നടത്തുകയുമായിരുന്നുവെന്നാണ്​ ആക്ഷേപം. എം.എൽ.എ ഉൾപ്പെടെയുള്ളവർ ഏകോപനം ഇല്ലാത്ത നടപടികളാണ് സ്വീകരിച്ചതെന്നും അതുകൊണ്ടാണ് വിട്ടുനിന്നതെന്നുമാണ്​ പറയുന്നത്. എന്നാൽ, ഇടുക്കി ജില്ലയിലെ ഒരു റവന്യൂ ഉദ്യോഗസ്ഥനെ അഴിമതി ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തതോടെ റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും സി.പി.എമ്മും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണെന്നും ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബഹിഷ്കരണമെന്നും ആരോപണമുണ്ട്. യോഗത്തിൽ പങ്കെടുത്ത കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മേഖലയിലെ പ്രളയദുരിതാശ്വാസം വൈകിയതിൽ ആളുകൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പരസ്യമായി പ്രസംഗിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി മറുപടി പ്രസംഗവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.