തണ്ണീർമുക്കം ബണ്ടിന്‍റെ മുഖംമിനുക്കാൻ വെച്ചൂർ പഞ്ചായത്ത്

വെച്ചൂർ: വേമ്പനാട്ടുകായലിന്‍റെ അനുപമായ മനോഹാരിത കായലോരത്ത് എത്തുന്നവർക്ക് അനുഭവവേദ്യമാക്കാൻ തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പരിധിയിൽ സൗന്ദര്യവത്​കരണം നടത്താൻ വെച്ചൂർ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നു. തണ്ണീർമുക്കം ബണ്ടിന്‍റെ കിഴക്കേ അറ്റത്ത് കാടുപിടിച്ച ഇറിഗേഷന്‍റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലവും തണ്ണീർമുക്കം ബണ്ടിന്‍റെ പൊളിച്ചുനീക്കിയ ബണ്ടിന്‍റെ ശേഷിച്ച ഭാഗത്തും വിനോദസഞ്ചാര വികസനത്തിനായി ഭൗതിക സാഹചര്യമൊരുക്കിയാൽ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന വെച്ചൂർ പഞ്ചായത്തിന് ഏറെ ഉപകാരപ്രദമാകും. ബണ്ടിന്‍റെ കിഴക്കേ അറ്റത്ത് അരനൂറ്റാണ്ടായി കാടുപിടിച്ച രണ്ടേക്കർ സ്ഥലം സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും ലഹരിലോബിയുടെയും വിഹാരകേന്ദ്രമാണ്. വൈക്കത്തുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള തണ്ണീർമുക്കം ബണ്ട് ഭാഗത്തെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ പൊലീസിനും തലവേദനയാണ്. ജനപങ്കാളിത്തത്തോടെ ടൂറിസം പദ്ധതികൾ ആവിഷ്​കരിച്ചാൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് അറുതിയാകും. ഒരു ഭൗതിക സാഹചര്യവും ഒരുക്കാതെതന്നെ തണ്ണീർമുക്കം ബണ്ടിൽ നൂറു കണക്കിനാളുകളാണെത്തുന്നത്. ബണ്ടിന്‍റെ കിഴക്കുഭാഗത്തെ ഇറിഗേഷന്‍റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലവും ബണ്ടിലെ പഴയ മൺചിറയുടെ ശേഷിച്ച ഭാഗവും വിനോദസഞ്ചാര വികസനത്തിന് പാട്ടത്തിന്​ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്​ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. ഷൈലകുമാറിന്‍റെ നേതൃത്വത്തിൽ നിവേദനം നൽകി. നിവേദക സംഘത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റെ്​ ബിൻസി ജോസഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ എന്നിവരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.