കലയുടെ തെരുവൊരുക്കി​ മറവൻതുരുത്ത്​

വൈക്കം: വീടുകളുടെ ചുറ്റുമതിലുകളിൽ വരയുടെ വർണവസന്തമൊരുക്കി മറവൻതുരുത്ത്​ പഞ്ചായത്തിൽ 'ആർട്ട്​ സ്ട്രീറ്റ്' പ്രവർത്തനങ്ങൾക്ക്​ തുടക്കം. സംസ്ഥാന ടൂറിസം വകുപ്പി‍ൻെറ ഉത്തരവാദിത്ത ടൂറിസം മിഷ‍ൻെറ നേതൃത്വത്തിൽ മറവൻതുരുത്ത്​ പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 'കലയുടെ തെരുവ്' ഒരുക്കുന്നത്. കൂട്ടുമ്മേൽ മുതൽ മൂഴിക്കൽവരെയുള്ള ഭാഗത്താണിത്. തദ്ദേശവാസികളുടെ ചുറ്റുമതിലിൽ പ്രതിഫലമൊന്നുമില്ലാതെയാണ് കലാകാരന്മാർ ചിത്രങ്ങളൊരുക്കുന്നത്. സന്നദ്ധരായ വീട്ടുകാർ പെയിന്‍റ്​ മാത്രം വാങ്ങി നൽകിയാൽ മതി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്നുപ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ 'ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷനാണ്​' തയാറാക്കുന്നത്. ഡൽഹിയും കേരളവുമടക്കമുള്ള ഇന്ത്യയിലെ വിവിധ കാമ്പസുകളിൽനിന്നും വിവിധ പ്രദേശങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകരാണ്​ വരക്കാനെത്തിയത്. വലിയ കൂട്ടായ്മയാണ് ഇതിനായി കുലശേഖരമംഗലം ഗവ. എൽ.പി സ്‌കൂളിൽ മൂന്നുദിവസമായി നടന്ന ചിത്രരചനക്യാമ്പിൽ പങ്കെടുത്തത്. മൂന്നുമാസംകൊണ്ട് ആർട്ട് സ്ട്രീറ്റ് പൂർത്തിയാക്കുകയാണ്​ ലക്ഷ്യം. കടൂക്കര വിജ്ഞാന പ്രദായനി വായനശാല, കുലശേഖരമംഗലം ഗവ. എൽ.പി. സ്‌കൂൾ, സ്വകാര്യവ്യക്തികളുടെ ചുവരുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. കൂട്ടുമേൽ മുതൽ ആർട്ട് സ്ട്രീറ്റായ മൂഴിക്കൽവരെ എത്തിച്ചേരും വിധം എല്ലാ ചുവരുകളിലും വ്യക്തികളുടെ അനുമതിയോടെ ചിത്രം വരക്കും. തെരുവുനടത്തങ്ങളും കഥ പറച്ചിൽ പരീക്ഷണങ്ങളും തുടങ്ങുമെന്ന്​ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. ഒന്നാംഘട്ടം ഞായറാഴ്ചയോടെ പൂർത്തിയായി. അടുത്തഘട്ടം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് മറവൻതുരുത്ത്​ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ബി. രമ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, പഞ്ചായത്ത്​ അംഗം പോൾ തോമസ്, ടൂറിസം വികസന സമിതി കൺവീനർ ടി.കെ. സുവർണൻ, എൻ.ജി.ഒ പ്രവർത്തകരായ ബി. അഫ്‌സൽ മുഹമ്മദ്, ജാസിം ഉമർ, ഫസ്ന, വിജയൻ കൊല്ലൂരത്തിൽ, രാജേന്ദ്രപ്രസാദ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. KTL ART STREET- മറവൻതുരുത്ത്​ പഞ്ചായത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നേതൃത്വത്തിൽ വീടുകളുടെ ചുറ്റുമതിലിലും ഭിത്തികളിലും ചിത്രം വരക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.