ജില്ലയിൽ അഞ്ച് 'വിമുക്തി' മാതൃക പഞ്ചായത്തുകൾ

കോട്ടയം: 'വിമുക്തി' ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മാതൃക പഞ്ചായത്തുകളാക്കാൻ തലയോലപ്പറമ്പ്, പനച്ചിക്കാട്, ഉഴവൂർ, ചിറക്കടവ്, തൃക്കൊടിത്താനം പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. കലക്ടറേറ്റിൽ അനധികൃത മദ്യനിർമാണവും വിതരണവും തടയാൻ രൂപവത്​കരിച്ച ജില്ലതല ജനകീയ സമിതി യോഗത്തിന്‍റേതാണ് തീരുമാനം. മാതൃകപരമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് വിവിധ താലൂക്കുകളിലായി അഞ്ച്​ പഞ്ചായത്തുകളെ തെരഞ്ഞെടുത്തത്. പായിപ്പാട് പഞ്ചായത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകാനും യോഗം തീരുമാനിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ 'വിമുക്തി' വാർഡുതല ജാഗ്രത സമിതികളുടെയും സ്‌കൂൾ, കോളജ് വിമുക്തി ക്ലബുകളുടെയും പ്രവർത്തനം സജീവമാക്കും. ജില്ലയിൽ 491 സ്‌കൂളുകളിലും 51 കോളജുകളിലും വിമുക്തി ക്ലബുകളുണ്ട്. 71 പഞ്ചായത്തുകളിലായി 1140 വാർഡുകളിലാണ് വിമുക്തി സമിതികൾ രൂപവത്​കരിച്ചിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലെയും സ്‌കൂൾ സംരക്ഷണ ഗ്രൂപ്പുകളുടെ യോഗം സെപ്റ്റംബർ 15 മുതൽ ചേരും. ലഹരിവിരുദ്ധ ബോധവത്​കരണം, അനധികൃത മദ്യവിൽപന-നിർമാണം തടയൽ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഈ വർഷം ആഗസ്റ്റ് 15 വരെ 724 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എം.എൻ. ശിവപ്രസാദ് പറഞ്ഞു. നഗരസഭ അധ്യക്ഷരായ ബിൻസി സെബാസ്റ്റ്യൻ, രാധിക ശ്യാം, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിമുക്തി ജില്ല മാനേജർ സോജൻ സെബാസ്റ്റ്യൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സി. രാജീവ് കുമാർ, എം.കെ. പ്രഭാകരൻ, ഫറൂഖ് പാലപ്പറമ്പിൽ, കുര്യൻ പി. കുര്യൻ, ഡോ. ബെഞ്ചമിൻ ജോർജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.