ശബരി റെയിൽ: പ്രതീക്ഷകൾക്ക്​ വീണ്ടും ജീവൻ

കോട്ടയം: ശബരി റെയിൽ പദ്ധതിയുടെ സർവേ നടപടിക്ക്​ കേന്ദ്രമന്ത്രി തത്ത്വത്തിൽ അംഗീകാരം നൽകിയതോടെ മലയോര മേഖലയുടെയും ലക്ഷക്കണക്കിന്​ തീർഥാടകരുടെയും പ്രതീക്ഷകൾക്ക്​ വീണ്ടും ജീവൻവെക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ്​ സമർപ്പിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്‍റെ നിലപാട്​ അറിയാത്തതിനാൽ പദ്ധതി അനിശ്ചിതാവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചക്കുശേഷം മന്ത്രി വി. അബ്ദുറഹ്മാനാണ്​ ശബരി പദ്ധതിയുടെ സർവേ നടപടി തത്ത്വത്തിൽ കേന്ദ്രമന്ത്രി അംഗീകരിച്ചതായി അറിയിച്ചത്​. 3347.35 കോടിയാണ്​ പുതിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് പ്രതീക്ഷിക്കുന്നത്​. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) പുതുക്കിയ എസ്​റ്റിമേറ്റ്​ തയാറാക്കിയത്​. സംസ്ഥാനവും കേന്ദ്രവും പകുതിവീതം ചെലവും വഹിക്കും. കിഫ്ബി മുഖേനയാണ്​ സംസ്ഥാനം പണം ലഭ്യമാക്കുക. സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ ചുമതല സംസ്ഥാനത്തിനും നിർമാണപ്രവർത്തനങ്ങളുടെ ചുമതല കേന്ദ്രത്തിനുമാണ്​. അയ്യപ്പഭക്തർക്ക്​ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കുന്നതിന്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന്​ 1998ൽ ഏറ്റെടുത്ത പദ്ധതിയാണ്​ ശബരി റെയിൽ. അങ്കമാലി മുതൽ ശബരിമലക്ക്​ അടുത്തുള്ള എരുമേലി വരെ 115 കിലോമീറ്റർ റെയിൽപാത വഴി വിനോദസഞ്ചാര മേഖലയുടെ ഉന്നമനവും ലക്ഷ്യമിടുന്നു. വ്യവസായമേഖലക്കും മലയോരത്തെ കാർഷിക മേഖലക്കും പാത പ്രയോജനകരമാവും. അങ്കമാലി മുതൽ കാലടി റെയിൽവേ സ്​റ്റേഷൻ വരെ എട്ടുകിലോമീറ്റർ ദൂരം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്​. 2005ൽ 550 കോടിയാണ്​ പദ്ധതിക്ക്​ ചെലവ്​ പ്രതീക്ഷിച്ചിരുന്നത്​. 2011ൽ 1566 കോടിയായി പുതുക്കി നിശ്ചയിച്ചു. 2017ലെ എസ്​റ്റിമേറ്റനുസരിച്ച്​ 2815 കോടിയായി ചെലവ്​. ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന്​ റെയിൽവേ നിലപാട്​ എടുത്തതോടെയാണ്​ പദ്ധതി നിശ്ചലമായത്​. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വേയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയിൽവേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തുടർന്ന്​ എസ്റ്റിമേറ്റ്​ പുതുക്കാൻ കേന്ദ്രനിർദേശം നൽകുകയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ്​ പാത കടന്നുപോവുക. ഇടുക്കി ജില്ലയിൽ തൊടുപുഴ, കരിങ്കുന്നം, കോട്ടയത്ത്​ രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ്​ സ്​റ്റേഷനുകൾ. പാത വരുന്നതോടെ റെയിൽവേ ലൈനില്ലാത്ത ഇടുക്കിയിലേക്കും പാതയെത്തും. രണ്ടാംഘട്ടത്തിൽ കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ പാത ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്​. p2 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.