ആർപ്പൂക്കര പഞ്ചായത്തിന്‍റെ ശുചിമുറി നിർമാണത്തിൽ സർവത്ര അഴിമതി

ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്ത് മെഡിക്കൽ കോളജ് ടാക്സി സ്റ്റാൻഡിന്​ സമീപം പുതുതായി നിർമിക്കുന്ന ശുചിമുറി നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പരാതി. മെഡിക്കൽ കോളജ് ബസ്​സ്റ്റാൻഡിലുണ്ടായിരുന്ന ശുചിമുറി വർഷങ്ങൾക്ക്​ മുമ്പ്​ പൊളിക്കുകയും ജനങ്ങൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ സൗകര്യമില്ലാതെ നെട്ടോട്ടമോടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ശുചിമുറി നിർമാണം നടക്കുന്നത്. പഴയ ശുചിമുറിയിൽനിന്ന്​ ടാങ്ക് തകർന്ന് മലിനജലം ബസ്​സ്റ്റാൻഡിലേക്കും പ്രധാന റോഡിലേക്കും പരന്നൊഴുകിയിരുന്നു. ഇത് നിരവധി തവണ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇവിടെനിന്ന്​ ശുചിമുറി പൊളിച്ചുനീക്കിയത്. ഇപ്പോൾ നിർമിക്കുന്ന ശുചിമുറിയാകട്ടെ ആർക്കും കാണാൻ കഴിയാത്ത രീതിയിൽ തകർച്ചയുടെ വക്കിലെത്തിയ പഞ്ചായത്ത് ഷോപ്പിങ്​ കോപ്ലക്സിനു പിന്നിലായാണ്. ശുചിമുറി നിർമാണം തട്ടിക്കൂട്ട് രീതിയിലാണെന്നും ആക്ഷേപം ഉയരുന്നു. ഒരു മാനദണ്ഡവും ഇല്ലാതെയാണ് ഈ കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്തുവക മൂന്നു നിലയിൽ നിർമിച്ചിരിക്കുന്ന ഷോപ്പിങ്​ കോംപ്ലക്സ് തകർച്ചയുടെ വക്കിലാണ്. ഈ കെട്ടിടം പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലാണ്. അതുപോലെ തന്നെയാണ് സമീപത്തെ ബസ്​സ്റ്റാൻഡും കെട്ടിടവും. ഇവയെല്ലാം പൊളിച്ചുനീക്കി വലിയ കെട്ടിട സമുച്ചയം നിർമിക്കുമെന്നും ബസ്​സ്റ്റാൻഡ് ആധുനികരീതിയിൽ നിർമിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ അരക്കോടിയോളം രൂപ ചെലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ശുചിമുറി അവിടെനിന്നും പൊളിച്ചുകളയേണ്ടിവരും. പഞ്ചായത്ത് മുൻ എൻജിനീയറുടെ മേൽനോട്ടത്തിൽ നിർമിച്ച ഈ കെട്ടിടം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം ശുചിമുറികളിൽനിന്നുള്ള മലിനജലം ശേഖരിക്കാൻ സമീപത്തുതന്നെ കുഴിയെടുത്തു. അപ്പോഴാണ് കംഫർട്ട് സ്റ്റേഷന്‍റെ നിർമാണ അപാകത ശ്രദ്ധയിൽപെട്ടത്. കെട്ടിട നിർമാണത്തിന് ഇളകിയ മണ്ണിൽ കോൺക്രീറ്റ്​ ചെയ്യാതെ അടിത്തറ കരിങ്കൽ കെട്ടിയാണ് നിർമിച്ചത്. രണ്ടു വർഷമായി ബസ്​സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യത്തിന്​ ബുദ്ധിമുട്ടുന്ന വിവരവും നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി ആറുമാസം മുമ്പ്​ കംഫർട്ട് സ്റ്റേഷൻ നിർമാണം ആരംഭിച്ചത്. എന്നാൽ, ഈ കാലയളവിനുള്ളിൽ നാലാമത്തെ എൻജിനീയറാണ് ഇപ്പോൾ നിർമാണച്ചുമതലയിലുള്ളത്. കെട്ടിടനിർമാണം നടത്തുമ്പോൾ ചുമതലക്കാരനായിരുന്ന എൻജിനീയറുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് കെട്ടിടനിർമാണത്തിന്‍റെ അപാകതക്ക്​ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. KTL Building പഴയ ഷോപ്പിങ്​ കോംപ്ലക്സിസിന്​ പിന്നിൽ നിർമിക്കുന്ന പുതിയ ശുചിമുറി KTL Suchimuri ശുചിമുറിയുടെ അടിത്തറ ഉറപ്പില്ലാത്ത മണ്ണിൽ കരിങ്കൽ കെട്ടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.