കരുതൽ മേഖല: സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണം -അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: നിര്‍ദിഷ്ട ഒരുകിലോമീറ്റര്‍ കരുതൽ മേഖലയിലെ നിജസ്ഥിതി പഠനം പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. മൂന്ന് മാസക്കാലാവധി സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഏറെ നിർണായകമാണ്. കോടതിവിധി വന്നിട്ട് രണ്ടരമാസം പിന്നിട്ടിട്ടും കരുതൽ മേഖല പ്രശ്‌നബാധിത പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ സംബന്ധിച്ചോ ജനവാസ മേഖലകളെക്കുറിച്ചോ വ്യക്തമായ പഠനം നടത്തിയിട്ടില്ല. സാറ്റ്​ലൈറ്റ് സർവേയുടെ ആധികാരികത ചോദ്യംചെയ്തിട്ടുമുണ്ട്. വനം വകുപ്പില്‍നിന്ന് പ്രദേശവാസികള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പുമാണ്. ജനകീയ സമിതികള്‍ രൂപവത്​കരിച്ച് നിജസ്ഥിതി പഠനം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത കാലത്തോളം വനാതിര്‍ത്തിക്ക് പുറത്തേക്ക്​ കരുതൽ മേഖല വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനം വകുപ്പും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ്​ ആന്‍ഡ് എന്‍വയണ്‍മെന്‍റ്​ സെന്‍ററുമായി അതിര്‍ത്തി നിർണയത്തിനും പഠനത്തിനുമായി ഇതിനോടകം ഉണ്ടാക്കിയ രഹസ്യധാരണപത്രം പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാറിന്‍റെ പുനഃപരിശോധന ഹരജി പരിഗണനക്കെടുക്കാന്‍ കാലതാമസമുണ്ടാകും. കേന്ദ്ര-സംസ്ഥാന വനം കുപ്പുകള്‍ പുനഃപരിശോധന ഹരജി നല്‍കിയാലും ഫലത്തില്‍ ഹരജിക്ക് നിലനിൽപുണ്ടാകണമെന്നില്ല. കാരണം വനം പരിസ്ഥിതി വകുപ്പിന് അനുകൂല വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കുറഞ്ഞപക്ഷം സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന പഠനത്തിനായുള്ള സമയപരിധിയെങ്കിലും നീട്ടിക്കിട്ടാന്‍ ശ്രമിക്കുകയും ഒരുകിലോമീറ്റര്‍ ദൂരത്തിലെ യഥാർഥ ജനജീവിതചിത്രം സത്യസന്ധമായി കണ്ടെത്തി എംപവേര്‍ഡ് കമ്മിറ്റി മുഖേന കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.