ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്​

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. ഒരു ലക്ഷത്തോളമാളുകൾ സമൂഹവള്ളസദ്യയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സദ്യക്കായി 500 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 ഓളം പാചകക്കാരും 200ൽ പരം വിളമ്പ് കാരും ഉൾപ്പെടെ 300ൽ അധികം ആളുകൾ മൂന്നു ദിവസം കൊണ്ടാണ് സദ്യ തയാറാക്കുന്നത്​. തിരക്ക്​ കണക്കിലെടുത്ത്​ പൊലീസിന്റെയും അഗ്നിരക്ഷ സേനയുടെയും നേതൃത്വത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. രാവിലെ 11.30 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്​ഘാടനം നിർവഹിക്കും. സദ്യക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്ന് പാളത്തൈരുമായി എത്തിയ ഭക്തസംഘത്തിന് പാർഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകി. അഷ്ടമിരോഹിണി വള്ളസദ്യക്ക്​ വിളമ്പുന്ന വിശേഷപ്പെട്ട വിഭവം എന്ന നിലയിൽ എല്ലാ വർഷവും ഭക്തസംഘം പാളത്തൈരുമായി ക്ഷേത്രത്തിൽ എത്തും. പാളകൊണ്ട് നിർമിച്ച പാത്രത്തിൽ ഉറ ഒഴിച്ച 100 ലിറ്റർ തൈരിന് പുറമേ 1300 ലിറ്റർ തൈരുമായാണ് ഭക്തസംഘം ക്ഷേത്രത്തിൽ എത്തിയത്. ടി.ആർ. വാസുദേവൻ പിള്ള 500 പറ അരിയുടെ സമർപ്പണം നടത്തി. അമ്പലപ്പുഴയിൽ നിന്നുള്ള പ്രത്യേക സംഘം ആറന്മുളയിലെത്തി പാൽപ്പായസം തയാറാക്കുന്ന ജോലികളും ആരംഭിച്ചു. ചിത്രം PTG 25 CHENAPADI PALA THAIRU SAMARPPANNAM ചേനപ്പാടിയിൽനിന്ന് പാളത്തൈരുമായി എത്തിയ ഭക്ത സംഘത്തിന് പാർഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.