കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കി.മി നീന്തിയ ആറാം ക്ലാസ് വിദ്യാർഥി എ. ചെമ്പിയാൻ
വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കി.മി ദൂരം നീന്തി പതിനൊന്നുകാരൻ. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂനിയൻ ബാങ്ക് ചീഫ് മാനേജറുമായ ഐ. അരവിന്ദൻ- പി. ദിവ്യ ദമ്പതികളുടെ മകനും ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ എ. ചെമ്പിയാനാണ് ലോക റെക്കോഡിനായി ഈ സാഹസിക കൃത്യം വിജയകരമായി പൂർത്തിയാക്കിയത്.
ചേർത്തല കര്യാത്ത് കടവിൽനിന്ന് ശനിയാഴ്ച രാവിലെ 7.08ന് ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.59ന് എത്തിച്ചേർന്നു. വിജയ ശ്രീലാളിതനായി തീരത്തെത്തിയ ചെമ്പിയാനെ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വെറ്ററൻ നീന്തൽ താരം പ്രഫ. കെ.സി. സെബാസ്റ്റ്യൻ, റിട്ട. ബി.എസ്.എഫ് സൈനികനും നീന്തൽ താരവുമായ കെ.എൻ. ബൈജു എന്നിവർ ചേർന്ന് സ്വീകരിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിൽ ഏഴു മാസത്തോളം കഠിന പരിശീലനം നടത്തിയാണ് ചെമ്പിയാൻ വേമ്പനാട്ടുകായലിൽ നീന്താൻ പ്രാപ്തനായത്.
മകനെ നീന്തൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പരിശീലിപ്പിച്ചതെന്നും ചെമ്പിയാന്റെ താൽപര്യം കണക്കിലെടുത്താണ് ഇത്തരമൊരു സാഹസിക ഉദ്യമത്തിന് മുതിർന്നതെന്നും ചെമ്പിയാന്റെ മാതാപിതാക്കളായ അരവിന്ദനും ദിവ്യയും പറഞ്ഞു. നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഓളം നീന്തൽ തടസ്സപ്പെടുത്തിയെങ്കിലും പരിശീലനത്തിന്റെ പിൻബലത്താൽ നീന്തിക്കയറാൻ കഴിഞ്ഞെന്നും ഒന്നാം ക്ലാസുകാരിയായ അനുജത്തി മാതിനിയെ കായലിൽ നീന്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ചെമ്പിയാൻ പറഞ്ഞു. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.സി. സെബാസ്റ്റ്യൻ, കെ.എൻ. ബൈജു, എസ്.ബി.എ. ഉദ്യോഗസ്ഥൻ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.