നാരായൻ: ഇടുക്കിയെ ഹൃദയത്തിൽ ചേർത്ത എഴുത്തുകാരൻ

തൊടുപുഴ: നാരായൻ ഓർമയാകുമ്പോൾ അത്​ ഇടുക്കിയുടെ കൂടി നഷ്ടമാണ്​. ഗോത്രസാഹിത്യത്തിന്‍റെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഈ എഴുത്തുകാരന്‍റെ ജന്മദേശം​ ഇടുക്കിയായിരുന്നു. സാഹിത്യവും എഴുത്തും അരയ സമുദായത്തിന് അന്യമല്ലെന്ന്​ തെളിയിച്ച അദ്ദേഹത്തിന്‍റെ രചനകൾ ആദിവാസി ജീവിതത്തിന്‍റെ അടിസ്ഥാന അനുഭവങ്ങളെയാണ്​ അനാവരണം ചെയ്തത്​. കുറഞ്ഞ കാലയളവാണെങ്കിലും ഇടുക്കിയിലെ ജീവിതം നൽകിയ ഉൾക്കാഴ്ചകളാണ്​ നാരായനെ ഗോത്രജനതയുടെ ജീവിതാവസ്ഥകളെക്കുറിച്ച്​ ചിന്തിക്കാനും എഴുതാനും പ്രേരിപ്പിച്ചത്​. തൊടുപുഴ-മൂലമറ്റം റൂട്ടിൽ കുടയത്തൂർ ഗവ. ഹൈസ്​കൂളിന്​ സമീപം ചാലപ്പുറത്തായിരുന്നു നാരായന്‍റെ വീട്​. ചാലപ്പുറത്ത്​ എന്നത്​ അച്​ഛന്‍റെ വീട്ടുപേരാണ്​. അത്​ പിന്നീട്​ സ്ഥലപ്പേരായി. അന്നത്​ തനി കുഗ്രാമമാണ്​. വീട്ടിൽനിന്ന്​ നാല്​ കിലോമീറ്ററോളം നടന്നാണ്​ സ്കൂളിൽ പോയിരുന്നത്​. വീടിന്​ സമീപം ചാലപ്പുറം തോട്​ ഒഴുകിയിരുന്നു. അന്നവിടെ കുറച്ച്​ കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. 22 വർഷത്തോളം നാരായൻ അവിടെ ജീവിച്ചു. എറ​ണാകുളത്തേക്ക്​ താമസം മാറ്റിയെങ്കിലും എല്ലാ വർഷവും നാട്ടിലെത്താനും തറവാട്ടുവീട്ടിൽ പോയി ബന്ധുക്കളുമായി പഴയ ഓർമകൾ പുതുക്കാനും നാരായൻ സമയം കണ്ടെത്തിയിരുന്നു. നാരായൻ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ്​ മൂലമറ്റം വൈദ്യുതി നിലയം ഉദ്​ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഹെലികോപ്​ടറിൽ വന്നത്​. കൂട്ടുകാർക്കൊപ്പം നാലഞ്ച്​ കിലോമീറ്റർ നടന്ന്​ ഹെലികോപ്​ടർ കാണാൻ പോയ വിശേഷം നാരായൻ പിന്നീട്​ പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്​. ജീവിതം ഇടുക്കിയിൽനിന്ന്​ പറിച്ചുനട്ടെങ്കിലും അവിടത്തെ പച്ചപ്പും മലകളും മരങ്ങളും ഇല്ലതാകുന്നതിൽ അദ്ദേഹം സങ്കടപ്പെട്ടിരുന്നു. ആദിവാസി മേഖലക്ക്​ സർക്കാർ അനുവദിക്കുന്ന ഫണ്ട്​ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്ന പരാതിയും ഉണ്ടായിരുന്നു. പ്രകൃതിയോടും രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്നവർക്ക് മനുഷ്യരിൽനിന്ന്​ നേരിടേണ്ടിവരുന്ന ദണ്ഡനങ്ങൾ അദ്ദേഹം 'കൊ​ച്ചരേത്തി'യിൽ വിവരിക്കുന്നുണ്ട്​. സ്വന്തം ജീവിത പരിസരവുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീവിത സാഹചര്യങ്ങളാണ്​ ഇതിൽ നാരായൻ അനാവരണം ചെയ്യാൻ ശ്രമിച്ചത്​. ആ അനുഭവങ്ങൾക്ക്​ കരുത്ത്​ നൽകിയതാകട്ടെ ഇടുക്കിയിലെ ജീവിതവും കാഴ്ചകളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.