പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ കൂട്ടത്തോൽവി; എം.ജിയിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോട്ടയം: പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ കൂട്ടത്തോൽവിക്ക്​ കാരണം മൂല്യനിർണയത്തിലെ അപാകതയാണെന്നാരോപിച്ച്​ എം.ജി കാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം. മാർച്ച്​ നടത്തിയ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് ഇടിച്ചുകയറി. 2019 അഡ്മിഷൻ പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷയിലായിരുന്നു കൂട്ടത്തോൽവി. പരാജയപ്പെട്ട വിദ്യാർഥികളുടെ പേപ്പറുകൾ ഫീസ് ഈടാക്കാതെ പുനർമൂല്യനിർണയം നടത്തണമെന്നും മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പാരലൽ കോളജ് അസോസിയേഷൻ സ്റ്റുഡൻറ്​സ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. എന്നാൽ, ഇവരുടെ ആവശ്യം അധികൃതർ അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് നൂറോളം വിദ്യാർഥികൾ കൂട്ടമായി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് ഇടിച്ചുകയറി. തുടർന്ന്, ഇവരുമായി സർവകലാശാല അധികൃതർ ചർച്ചക്ക്​ തയാറായി. ഇതിൽ മൂന്നും നാലും സെമസ്റ്റർ ഫലം സെപ്റ്റംബർ 20നുമുമ്പ് പ്രഖ്യാപിക്കുമെന്നും വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചാൽ വേഗത്തിൽ മൂല്യനിർണയം നടത്താമെന്നും സർവകലാശാല അറിയിച്ചു. പുനർമൂല്യനിർണയത്തിനുള്ള തീയതി ഈ മാസം 23 വരെ നീട്ടുമെന്നും ഇവർ അറിയിച്ചു. സൗജന്യമായി പുനർമൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് യോഗത്തിൽ ആലോചിക്കാമെന്നും ഉറപ്പുനൽകിയശേഷമാണ് വിദ്യാർഥികൾ പിരിഞ്ഞത്. മാർച്ചിന് സ്റ്റുഡന്‍റ്​സ് കോഓഡിനേറ്റർമാരായ അഖിൽ, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.