കോട്ടയത്ത്​ വൻഗതാഗതക്കുരുക്ക്​; വലഞ്ഞ് ജനം

ജില്ലാ ആസ്ഥാനംവഴി കടന്നുപോയ പലരും തുടർ ബസുകൾ കിട്ടാതെ വൻ തുക മുടക്കി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു കോട്ടയം: ആഴ്​ചാവസാനം നഗരത്തിലെ വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം. വൈകീട്ട്​ മൂന്നിന്​ തുടങ്ങിയ ഗതാഗതക്കുരുക്കിന്​ രാത്രി എട്ടോടെയൊണ്​ അൽപമെങ്കിലും അയവുവന്നത്​. സി.ഐ.ടി.യു, കേരള കർഷക സംഘം, കെ.എസ്.കെ.ടി.യു എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സും ഗതാഗതക്കുരുക്കിന്​ ആക്കം കൂട്ടി. മണിക്കൂറുകളോളം പൊതുവാഹനങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാർ ഗതികെട്ട്​ ഇറങ്ങി നടക്കേണ്ടിവന്നു. പ്രധാന റോഡുകൾക്കുപുറമെ ചെറിയ റോഡുകളും തിരക്കിലമർന്നു. മാർച്ചിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തതും കുരുക്കിന്​ കാരണമായി. ബേക്കർ ജങ്​ഷൻ, മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി, പുളിമൂട് ജങ്​ഷൻ, സ്റ്റാർ ജങ്​ഷൻ, തിരുനക്കര, തിയറ്റർ റോഡ്, കഞ്ഞിക്കുഴി തുടങ്ങിയ പ്രധാന റോഡുകളിൽ വാഹനങ്ങൾ കടന്നുപോകാനാതെ തിങ്ങിനിറഞ്ഞിരുന്നു. ചങ്ങനാശ്ശേരി റോഡിൽ നാട്ടകം സിമന്‍റ്​ കവല മുതൽ വൻ കുരുക്കായിരുന്നു. പ്രധാന റോഡിലെ തിരക്കിൽനിന്ന്​ രക്ഷപ്പെടാൻ ഇടറോഡുകളിലേക്ക് കൂടുതൽ വാഹനങ്ങളും വലിയ വാഹനങ്ങളും കടന്നെത്തിയതോടെ ഇവിടവും കുരുക്കിലായി. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിലൂടെ നുഴഞ്ഞുകയറി വന്നതും കുരുക്ക്​ വർധിക്കാൻ ഇടയാക്കി. ജനജാഗ്രത സദസസ്സിനെത്തിയവരുടെ വാഹനങ്ങൾ മൈതാനത്തിന്​ ചുറ്റും നിറഞ്ഞത്​ നഗരത്തെയൊന്നാകെ നിശ്ചലമാക്കി. ആഴ്ചാവസാനം ആയതിനാൽ വീടുകളിലേക്ക്​ മടങ്ങുന്ന തിരക്കിലായിരുന്നു എല്ലാവരും. നഗരങ്ങളിൽനിന്ന്​ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങിയവരും വിദ്യാർഥികളും അടക്കം നിരവധിപേരാണ്​ ദുരിതത്തിലായത്​. ബസുകളെ ആശ്രയിച്ച്​ ജില്ല ആസ്ഥാനം വഴി കടന്നുപോയ പലരും തുടർ ബസുകൾ കിട്ടാതെ വൻ തുക മുടക്കി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. രാത്രിയായതോടെ വീട്​ പിടിക്കാൻ മിക്കവരും നെട്ടോട്ടത്തിലായി. നഗരത്തിൽ പലയിടങ്ങളിലും പൊലീസ്​ ഉണ്ടായിരുന്നെങ്കിലും വാഹനങ്ങളുടെ നീണ്ടനിരക്ക്​ മുന്നിൽ അവരും നിസ്സഹായരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.