നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി; മാതാവ്​ കസ്റ്റഡിയിൽ

തൊടുപുഴ: പ്രസവശേഷം ശിശുവിനെ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ മാതാവ്​ കസ്റ്റഡിയിൽ. സംഭവത്തിനുശേഷം രക്തസ്രാവത്തെ തുടർന്ന് അവശയായ ഉടുമ്പന്നൂർ സ്വദേശിനിയായ സുജിതയെ (28) തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30ന് ഉടുമ്പന്നൂർ മങ്കുഴിയിലാണ് സംഭവം. കുളിമുറിയിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് സംശയം തോന്നി ഭർത്താവ് വിളിച്ചപ്പോഴാണ് സുജിത വാതിൽ തുറക്കുന്നത്. രക്തസ്രാവത്തെ തുടർന്ന് അവശനിലയിൽ കണ്ട സുജിതയെ ഉടൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ യുവതി പ്രസവിച്ചതാണെന്ന് മനസ്സിലായതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പുലർച്ച നാലോടെ പൊലീസ്​ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ്​ കുളിമുറിയിൽനിന്ന് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെടുത്ത്​. പൂർണവളർച്ചയെത്തിയ ആൺകുഞ്ഞായിരുന്നു ഇത്. സംഭവത്തെക്കുറിച്ച്​ പൊലീസ്​ പറയുന്നത്​: രണ്ട്​ കുട്ടികളുള്ള യുവതി ഏതാനും മാസം മുമ്പ് മറ്റൊരാള്‍ക്കൊപ്പം തമിഴ്നാട്ടിലെ ഗുണ്ടല്‍പേട്ടില്‍ താമസിച്ചിരുന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ പൊലീസ്​ ഇടപെട്ടാണ് ഇവരെ തിരികെ എത്തിക്കുന്നത്​. അതിനുശേഷം ഭർത്താവിനൊപ്പമായിരുന്നു താമസം​. പലരോടും ശരീരത്തിന് വണ്ണംവെക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നാണ്​ അതാണ്​ അടുത്തിടെ ശരീരം തടിക്കുന്ന​തെന്നും പറഞ്ഞിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ്​ യുവതിക്കെതിരെ കേസെടുത്തത്. ഭര്‍ത്താവ് അറിയാതിരിക്കാൻ കുഞ്ഞിനെ വീപ്പയില്‍ ഉപേക്ഷിച്ചുവെന്നാണ്​​ ഇവർ ആദ്യം മൊഴി നല്‍കിയതെന്നും പിന്നീട്​ കുറ്റം സമ്മതിച്ചുവെന്നും പൊലീസ്​ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്​.പി എം.ആര്‍. മധു ബാബുവിന്‍റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരനാണ് അന്വേഷണ ചുമതല. യുവതിയിപ്പോൾ കസ്റ്റഡിയിലാണെന്നും ആശുപത്രിവിട്ടാൽ ഉടൻ അറസ്റ്റ്​ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.