ലത്തീഫ് മുല്ലശ്ശേരി
കോട്ടയം: കലയോടുള്ള ഒടുങ്ങാത്ത അഭിനിവേശത്തിന്‍റെ പേരായിരുന്നു ഓർമയായ ലത്തീഫ് മുല്ലശേരിയുടേത്. പലപ്പോഴും നിർഭാഗ്യം കൊണ്ടുമാത്രം മുൻനിരയിലേക്ക് കടന്നുവരാൻ കഴിയാതെ പോയ അതുല്യ കലാകാരനെയാണ് ലത്തീഫിന്‍റെ വേർപാടിലൂടെ നഷ്ടമായത്. നാടക-ആൽബ സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഷോർട്ട്ഫിലിം സംവിധായകൻ, നാടക രചയിതാവ്, കഥാപ്രസംഗം, ഖവ്വാലി, ഓട്ടന്തുള്ളൽ തുടങ്ങിയ വ്യത്യസ്ത മേഖലകൾ കടന്ന് ചലച്ചിത്ര സംഗീത സംവിധായകൻ വരെയ ആയി നീണ്ടതായിരുന്നു ലത്തീഫ് മുല്ലശ്ശേരിയുടെ ജീവിതം.
പ്രദീഷ് ഉണ്ണികൃഷ്ണന്‍റെ സവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ‘തേരോട്ടം’ എന്ന സിനിമയിൽ രണ്ടുഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ലത്തീഫായിരുന്നു. ഇതിലെ ‘മിന്നുന്നപൊന്നുപോലെ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നേരത്തെ ഒരുസിനിമക്കായി സംഗീതസംവിധാനം നിർവഹിച്ചെങ്കിലും പടം പുറത്തിറങ്ങിയില്ല.
ഒട്ടേറെ ആൽബങ്ങൾക്കായി പാട്ടുകൾ ലത്തീഫ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഗായകരായ അഫ്സലും ശ്വേതയും അനശ്വരമാക്കിയ അഴകൊത്തമൈന (2008) ആൽബലത്തിലെ ‘മുഹബ്ബത്തിൻ മുന്തിരിതേൻ പകരാനായി’ എന്ന ഗാനം ശ്രദ്ധേയമാണ്. മലബാർ മുത്തേ (2009) എന്ന ആൽബത്തിൽ വിജയ് യേശുദാസ് പാടിയ ‘കഥപറഞ്ഞിരിക്കുന്ന കിളിയേ’, നടൻ ആസിഫ് ആലി ആദ്യമായി പാടയഭിനയിച്ച കൊടത്തൂർ സലിം പാടിയ ‘മലബാറിൻ മൊഴികൊണ്ടു മനംകവരും മലരേ’ എന്നീ പാട്ടുകൾ ആൽബംപ്രേമികൾക്കിടയിൽ ഇപ്പോഴും ഓർമിക്കപ്പെടുന്നു. കുളിർമഴയായ് (2011) എന്ന ആൽബത്തിൽ ‘വെയിൽചായുംനേരം’ വേണുഗോപാൽ ആലപിച്ച ഗാനവും തമിഴിൽ ‘വണക്കം ഉനക്കാകവേ’ എന്നആൽബവും ഹിറ്റാണ്. മാപ്പിളപ്പാട്ട് ആൽബമായ റംസാൻ (2010), അഹദും സമദും (2012) എന്നിവയും ശ്രദ്ധപിടിച്ചുപറ്റി.
മലയാളസിനിമ പുതിയ ട്രെൻഡുകളിലേക്ക് മാറിയപ്പോൾ ബലിയാടാകേണ്ടിവന്ന പഴയകലാകാരന്മാരുടെ വ്യഥയും പുതിയപാട്ടിന്‍റെ അവസ്ഥയും അവതരിപ്പിച്ച ‘ദക്ഷിണ’ എന്ന ഹ്രസ്വചിത്രവും ശ്രദ്ധിക്കപ്പെട്ടു. ബാലവേലയെ ആസ്പദമാക്കി നിർമിച്ച ‘നവംബർ 14 ഇന്ന് ശിശുദിനം’, ദുശീലങ്ങൾക്കെതിരെ കരുതൽ ഓർമിപ്പിക്കുന്ന ‘ഡോൻ ഡു, ‘സൂപ്പർസ്റ്റാർ ബാലാജി’, ‘തോട്ടി’ എന്നീ ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
സംഗീതജ്ഞൻ എൽ.പി.ആർ. വർമ, ഭരതരാജ് ഭാഗവതർ, ചേർത്തല ശ്രീധരൻ ഭാഗവതർ, തൃക്കൊടിത്താനം രവീന്ദ്രനാഥ് തുടങ്ങിയവരിൽനിന്നാണ് സംഗീതബാലപാഠങ്ങൾ പഠിച്ചത്. പിന്നെ സ്വന്തമായി ഗാനരചനയും സംഗീതവും നിർവഹിച്ച് കലാരംഗത്തേക്ക് കടന്നു. കാഥികൻ തൃക്കൊടിത്താനം കൃഷ്ണൻകുട്ടിയുടെ കഥാപ്രസംഗത്തിന് പാട്ടുകൾ ചിട്ടപ്പെടുത്തി സംഗീത സംവിധാനത്തിൽ തുടക്കമിട്ടു. സിനിമാതാരം കെ.പി.എ.സി ലളിതയെ കലാരംഗത്തേക്ക് ചുവടുറുപ്പിച്ച പി.പി.എ.സിയുടെ നാടകങ്ങൾക്കുവരെ കഥയെഴുതിയ ചരിത്രവുമുണ്ട്.
ചുവന്നസന്ധ്യ, ദുഖത്തിെൻറതീരം, ശില, കിരാതവാഴ്ച, അഗ്നികുണ്ഡം, തീച്ചൂള, സമത്വം, ശംഖൊലി, മണ്ണും മനുഷ്യനും, എന്‍റെ മോൻ പൊന്നുമോൻ തുടങ്ങിയ അനവധി നാടകങ്ങളെഴുതി. മഹാപ്രളയാനന്തരം റേഡിയോമീഡിയ വില്ലേജിനുവേണ്ടി പ്രളയനാടകവും സംവിധാനം ചെയ്തു. ചങ്ങനാശ്ശേരി മുല്ലശ്ശേരി വീട്ടിൽ അഹമ്മദുകണ്ണ് റാവുത്തർ-സാറാബീവി ദമ്പതികളുടെ മകനാണ്. പാറോലിക്കൽ റജീന ബീവിയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.