കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാം വാർഡിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കേടായ മോട്ടോർ നന്നാക്കാനുള്ള ശ്രമം
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്ത്രക്രിയ മുടങ്ങി. അസ്ഥിരോഗ വിഭാഗം, ജനറൽ, സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ശസ്‌ത്രക്രിയ മുടങ്ങിയത്. വെള്ളമില്ലാത്തതിനാൽ ശസ്‌ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ കുട്ടികളുടെ ആശുപത്രിയിലും കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോകേണ്ടിവന്നു. ഇത് മെഡിക്കൽ കോളജിന്‍റെ ചരിത്രത്തിൽ ആദ്യമാണെന്ന് മുതിർന്ന ഡോക്‌ടർമാർ പറയുന്നു. ആശുപത്രിയുടെ പുതിയ സർജറി ബ്ലോക്കിലാണ് ശുദ്ധജലം ലഭിക്കാതിരുന്നത്.
ഞായറാഴ്ച ഉച്ച മുതൽ കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുചിമുറി ഉപയോഗിക്കാനും വെള്ളം ലഭ്യമായില്ല. കൂട്ടിരിപ്പുകാർക്ക് മറ്റു സ്ഥലങ്ങളിൽ പോയി പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായെങ്കിലും കിടപ്പുരോഗികളുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇവരിലേറെയും ശസ്ത്രക്രിയ കഴിഞ്ഞവരാണ്.
ആശുപത്രി അധികൃതരെ പല തവണ ബന്ധപ്പെട്ടിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. വാർഡുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ കേടായതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെ മുതൽ സ്വകാര്യ ഏജൻസികൾ അഗ്നിശമന സേനയുടെ ടാങ്കുകളിൽ വെള്ളം നിറച്ച് ആശുപത്രിയിലെത്തിച്ച് താൽക്കാലിക പരിഹാരം കണ്ടു. തുടർന്ന് ശുദ്ധ ജലം എത്തിക്കുന്നതിന് കരാർ എടുത്ത ഏജൻസി എത്തുകയും വൈകിട്ട് തകരാർ പരിഹരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.