ഹർ ഘർ തിരംഗ: ദേശീയപതാക വിതരണം തുടങ്ങി

കോട്ടയം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 'ഹർ ഘർ തിരംഗ'യോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുന്നതിനായി കുടുംബശ്രീ തയാറാക്കിയ പതാകയുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. സ്‌കൂളുകൾ വഴിയുള്ള ദേശീയപതാകയുടെ വിതരണോദ്ഘാടനം കോട്ടയം ഗവ. ടൗൺ എൽ.പി സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേശീയപതാക കൈമാറി കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. ജില്ലയിൽ കുടുംബശ്രീ രണ്ടുലക്ഷം ദേശീയപതാകയാണ് വിതരണം ചെയ്യുക. 30x20 ഇഞ്ച് അളവിലുള്ള പതാകക്ക്​ 30 രൂപയാണ് വില. ജില്ലയിലെ സ്‌കൂളുകൾക്ക്​ പുറമേ 71 പഞ്ചായത്തുകളിലും ആറ്​ നഗരസഭകളിലും കുടുംബശ്രീ ദേശീയപതാക എത്തിക്കും. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 32 തയ്യൽ യൂനിറ്റുകളാണ് പതാക നിർമിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്‍റെ കീഴിലുള്ള കിടങ്ങൂർ അപ്പാരൽ പാർക്ക് കോമൺ ഫെസിലിറ്റി സെന്‍റർ മുഖേന തയ്യൽ യൂനിറ്റുകൾക്കുള്ള വസ്തുക്കൾ വാങ്ങിനൽകിയാണ് പതാക നിർമിച്ചത്. ജില്ലയിലെ 11 ബ്ലോക്കുകളിലായി വിവിധ യൂനിറ്റുകൾ തയ്ക്കുന്ന പതാക കുടുംബശ്രീ ജില്ല മിഷൻ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലെത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ്​ ഡയറക്ടറായ ബിനു ജോൺ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, ഹെഡ്മാസ്റ്റർ എ.ഡി. പ്രീത എന്നിവർ പങ്കെടുത്തു. പടം: KTL national flag 'ഹർ ഘർ തിരംഗ'യോട്​ അനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുന്നതിനായി സ്‌കൂളുകൾ വഴിയുള്ള ദേശീയപതാകയുടെ വിതരണോദ്ഘാടനം കോട്ടയം ഗവ. ടൗൺ എൽ.പി സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേശീയപതാക കൈമാറി കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.