അരനൂറ്റാണ്ടോളം കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് നമസ്‌കാര സമയമറിയിച്ച മുഅദ്ദിന്‍ മാമ യാത്രയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ പെരുംതകിടിയേല്‍ അബ്ദുസ്സലാം മാമ എന്ന മുഅദ്ദിന്‍ മാമ ഓർമയായി. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയില്‍ തുടര്‍ച്ചയായി സേവനം അനുഷ്​ഠിച്ച അബ്ദുസ്സലാം മാമ വിശ്രമ ജീവിതത്തിലായിരുന്നു. മുത്തച്ഛന്‍ ഇബ്രാഹീം ലബ്ബയായിരുന്നു പള്ളിയുടെ തുടക്കത്തിലെ മുഅദ്ദിന്‍. ഈരാറ്റുപേട്ട തലപ്പള്ളി കുടുംബാംഗമായിരുന്ന ഇദ്ദേഹം 40 വര്‍ഷം ഇവിടെ സേവനമനുഷ്ടിച്ചു. ഇതിനുശേഷം മകന്‍ അബ്ദുസ്സലാം ലബ്ബ ഈ തസ്തികയില്‍ നിയമിതനായി. ഇദ്ദേഹം തുടര്‍ച്ചയായി 42 വര്‍ഷം സേവനമനുഷ്​ഠിച്ചു. 1965 ഓക്ടോബര്‍ ഒന്നിനാണ് അബ്ദുസ്സലാം ലബ്ബ നൈനാര്‍ പള്ളിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. മിക്ക പള്ളികളിലും ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെയാണ് പരിപാലന ജോലിക്കാരുടെ സേവന കാലാവധി. എന്നാല്‍, നാലുപതിറ്റാണ്ടിലധികം ഇദ്ദേഹമിവിടെ സേവനമനുഷ്ഠിച്ചു. എല്ലാവരുമായും സ്‌നേഹബന്ധമുള്ള ഇദ്ദേഹത്തിന്​ പ്രായവ്യത്യാസമില്ലാതെ വൻ സുഹൃത്​ലയമാണ്​ ഉണ്ടായിരുന്നത്​. മുഅദ്ദിന്‍ ജോലിയില്‍നിന്ന്​ വിരമിച്ചെങ്കിലും വാര്‍ധക്യത്തിലും മുഅദ്ദിന്‍ മാമ സജീവമായിരുന്നു. വിവാഹ-മരണ വീടുകളിലുമെത്തും. 58 വര്‍ഷം മുമ്പ് അബ്ദുസ്സലാം മാമ ജോലിക്ക് കയറുമ്പോള്‍ പ്രതിമാസ ശമ്പളം കേവലം 22രൂപ 50 പൈസയായിരുന്നു. 1961ല്‍ പ്രവര്‍ത്തനമാരംഭിച്ച കാഞ്ഞിരപ്പള്ളി ദാറുസ്സലാം മദ്​റസയില്‍ അധ്യാപകനായിരുന്ന അബ്ദുസ്സലാമിന്​ ആയിരക്കണക്കിന് ശിഷ്യന്മാരുമുണ്ട്​. ഈരാറ്റുപേട്ട നൂറുല്‍ ഇസ്​ലാം മദ്​റസയിലും കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളജിലുമാണ്​ മതപഠനം നടത്തിയത്. ജോലിയില്‍നിന്ന്​ വിരമിച്ച അദ്ദേഹത്തിനുപകരം മകന്‍ അബ്ദുസ്സമദ് നൈനാര്‍ പള്ളിയില്‍ ജോലിയില്‍ പ്രവേശിച്ചു. അബ്ദുസ്സലാം ലബ്ബയുടെ മരണവാര്‍ത്തയറിഞ്ഞ്​ പെരുംതകിടിയേല്‍ വീട്ടിലേക്ക് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. നൈനാര്‍ പള്ളിവളപ്പില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ഖബറടക്കത്തിനുശേഷം പള്ളിവളപ്പില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജമാഅത്ത് പ്രസിഡന്‍റ്​ പി.എം. അബ്ദുസ്സലാം പാറക്കല്‍ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ചീഫ് ഇമാം ഇജാസുല്‍ കൗസരി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷഫീക്ക് താഴത്തുവീട്ടില്‍, നിസാര്‍ മൗലവി, ഷിഫാര്‍ മൗലവി, അലിയാര്‍ മൗലവി, നാസര്‍ മൗലവി, ഹിദായത്തുല്‍ ഇസ്​ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ നാസറുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. KTG WBL SIDE STORY NAINAR PALLY MODEEN ചിത്രവിവരണം: 1,കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി അങ്കണത്തില്‍ മയ്യത്ത്​ നമസ്‌കാരത്തിനെത്തിയവര്‍ 2,അനുസ്മരണ സമ്മേളനത്തില്‍ ചീഫ് ഇമാം അജാസുല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.